വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ നിർവ്വഹിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയും പൊതുമേഖലാ സ്ഥാപനമായ അലിംകോയും സംയുക്തമായാണ് സഹായ ഉപകരണങ്ങൾ നൽകിയത്. കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നടന്ന പരിപാടിയിൽ എ.ഡി.എം. കലാഭാസ്‌കർ അധ്യക്ഷയായി.
സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള അളവെടുപ്പ് ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഉപകരണങ്ങൾ നൽകിയത്. എ.വി.വൈ, എ.ഡി.ഐ.പി പദ്ധതികളുടെ ഭാഗമായി അലിംകോ സി എസ് ആർ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ആർ.വി.വൈ പദ്ധതി പ്രകാരം കണ്ണൂർ ബ്ലോക്ക് പരിധിയിൽ 59 ഗുണഭോക്താക്കായി 316 സഹായ ഉപകരണങ്ങളും എ.ഡി.ഐ.പി-എസ്.പി.എൽ പദ്ധതിയിലൂടെ 27 ഗുണഭോക്താക്കായി 46 സഹായ ഉപകരണങ്ങളുമാണ് കൈമാറിയത്.
വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി ജംഷീറ, കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ അനൂപ് ബാലൻ, കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ടി ചന്ദ്രമോഹൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ.പി നിധീഷ്, കെ എസ് എസ് എം ജില്ലാ കോ ഓർഡിനേറ്റർ കെ അനീഷ്, ഗവ. വൃദ്ധസദനം മേട്രൻ അനിമ ശ്രീജയൻ, ലിൻസി മേരി വർഗീസ്, ശിൽപ പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.









