'സമകാലിക യുവജനങ്ങളുടെ ജീവിത ശൈലീ മാറ്റങ്ങളും മാനസികക്ഷേമവും' പഠനവുമായി സംസ്ഥാന യുവജന കമ്മീഷൻ
കേരളീയ പൊതു മണ്ഡലത്തിലും സാമൂഹ്യ ജീവിതത്തിലും യുവജനങ്ങൾ വർത്തമാന കാല സാഹചര്യങ്ങളിൽ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയ പഠനവുമായി സംസ്ഥാന യുവജന കമ്മീഷൻ. 'സമകാലിക യുവജനങ്ങളുടെ ജീവിത ശൈലീ മാറ്റങ്ങളും മാനസിക ക്ഷേമവും' എന്ന പഠനം ജനുവരി 23 മുതൽ ആരംഭിക്കുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ, യുവജനങ്ങളുടെ സ്വഭാവത്തിലെ വലിയ തോതിലുള്ള മാറ്റം, വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും വളർന്നുവരുന്ന സംഘർഷങ്ങൾ അവ പരിഹരിക്കാൻ തയ്യാറാകത്ത മാനസികാവസ്ഥ, എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് പഠന വിധേയമാക്കുക. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പഠനം നടത്തുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും എം.ഷാജർ പറഞ്ഞു.

യുവജന കമ്മീഷന്റെ അദാലത്തിൽ 32 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 18 എണ്ണം പരിഹരിച്ചു. 14 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ഏഴു പരാതികൾ ലഭിച്ചു. ജില്ലാ അദാലത്തിൽ ചെയർപേഴ്‌സൺ എം. ഷാജർ, കമ്മീഷൻ അംഗം രൺദീപ് പി.പി, സെക്രട്ടറി ഇൻ ചാർജ് കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.









