സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം; വികസനത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി പൊതുസമൂഹം

post

ജനമനമറിഞ്ഞുള്ള വികസനതുടർച്ചയ്ക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന് ജില്ലയിൽ സ്വീകാര്യതയേറുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ മുതൽ പൊതുവികസനത്തിനുതകുന്ന നിർദേശങ്ങൾവരെയാണ് അഭിപ്രായങ്ങൾ തേടിയെത്തുന്ന കർമസേനാംഗങ്ങളുമായി പങ്കിടുന്നത്. നഗര-ഗ്രാമവ്യത്യാസമില്ലാതെയാണ് ജനം പ്രതികരിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും നാടിന്റെ വികസനത്തിൽ പങ്കാളിത്തബോധമുണർത്തുന്ന പരിപാടിയെന്ന അംഗീകാരമാണ് പൊതുവിലുള്ളത്.

കെഎസ്ആർടിസി ഡിപോയ്ക്ക് സമീപം അഷ്ടമുടി കായലിന്മീതെ നിർമിക്കുന്ന തേവള്ളി പാലം കടവൂർ-അഞ്ചാലുംമൂട് പ്രദേശവാസികൾക്ക് കോർപ്പറേഷന്റെ ഹൃദയഭാഗത്തേക്കുള്ള യാത്ര സുഗമമാക്കും; രണ്ടാം ഘട്ടം വേഗതയിൽ പൂർത്തിയാക്കണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. വിവിധ ക്ഷേമപദ്ധതിയിലൂടെ സഹായങ്ങൾ ലഭിക്കുന്നു, ഹരിതകർമസേനാംഗങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അജൈവ മാലിന്യശേഖരണം കൃത്യമായി നടക്കുന്നുമുണ്ട്. നഗരപ്രദേശത്ത് ഉറവിട മാലിന്യ സംസ്‌ക്കരണത്തിനുള്ള പരിമിതി തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ വേണം. ജൈവമാലിന്യംശേഖരിക്കുന്നതിന് ഉപാധികൾ കണ്ടെത്തണമെന്നും നിർദേശമുയർന്നു.

കൊല്ലം പോർട്ടിൽനിന്നും യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കണം. സർക്കാരിന്റെ പുതിയ പദ്ധതിയായ ‘കണക്ട് ടു വർക്ക് ' ഉദ്യോഗാർഥികൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയും നഗരവാസികളായവർ പങ്കിട്ടു. ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിൻ ഫലപ്രദമായി വിനിയോഗിക്കാൻ സവിശേഷശ്രദ്ധ വേണം-ആവശ്യങ്ങൾ പലവിധം.

ജില്ലയിലെ എല്ലാ വീടുകളിൽനിന്നും അഭിപ്രായശേഖരണം നടത്തിയാകും പദ്ധതി പൂർത്തിയാക്കുക. ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയ ആപ്പിൽ രേഖപ്പെടുത്തും. ഫെബ്രുവരി 28 വരെയാണ് ഗൃഹസന്ദർശന പരിപാടി. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ നിർവാഹക സമിതിയുടെ ഏകോപനത്തിലാണ് പ്രവർത്തനം. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ചാർജ് ഓഫീസർമാരെയും പഞ്ചായത്തുകളിലും നഗരസഭകളിലും ആയി തദ്ദേശസ്ഥാപന കമ്മിറ്റി അംഗങ്ങളെയും പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് നിയോഗിച്ചിട്ടുണ്ട്.