മെന്‍സ്ട്രുവല്‍ കപ്പുകളും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്തു

post

സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററും വിതരണംചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുട്ടറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സാനിറ്ററി നാപ്കിനുകള്‍ വഴിയുള്ള പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് മെന്‍സ്ട്രുവല്‍ കപ്പെന്ന ആശയം. അഞ്ചു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

ആരോഗ്യത്തോടൊപ്പം പരിസ്ഥിതിസൗഹൃദവുമാണ് കപ്പിന്റെ ഉപയോഗം എന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും കപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷയായി. നവകേരളം കര്‍മപദ്ധതി-2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പദ്ധതി വിശദീകരണം നടത്തി; ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യപ്രഭാഷണവും. നടത്തി. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. രസ്ന മെന്‍സ്ട്രുവല്‍കപ്പ് പദ്ധതി വിശദീകരിച്ചു.

ആര്‍ത്തവശുചിത്വ ഉത്പ്പന്നങ്ങളുടെ പ്രചാരണവും ആര്‍ത്തവആരോഗ്യവും ലക്ഷ്യമാക്കിയാണ് കോളേജുകള്‍, സ്‌കൂളുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ കപ്പുകളും ഇന്‍സിനറേറ്ററും വിതരണംചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി നാപ്കിനുകള്‍ ശാസ്ത്രീയമായ സംസ്‌കരിക്കുന്ന 322 ഇന്‍സിനറേറ്ററുകളും 1,68,955 മെന്‍സ്ട്രുവല്‍ കപ്പുകളുമാണ് വിതരണം ചെയ്യുന്നത്. ഒരു ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 5 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും എല്ലാ സര്‍ക്കാര്‍ കോളജുകളും ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്‍ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമാണ് ആദ്യഘട്ട ഗുണഭോക്താക്കള്‍.


കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രേഖ, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.എസ്. ഷിജുകുമാര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷൈലജ രാജീവ്, മുട്ടറ വാര്‍ഡ് മെമ്പര്‍ വിഷ്ണു രവീന്ദ്രന്‍, മണികണ്‌ഠേശ്വരം വാര്‍ഡ് മെമ്പര്‍ പത്മാവതിയമ്മ, നവകേരളം കര്‍മപദ്ധതി-2 ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, മുട്ടറ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീനിവാസന്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ രത്നാകര്‍ ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.