ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതി; കൃത്രിമ കാല്‍ വിതരണം ചെയ്തു

post

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രി വഴി നടപ്പാക്കുന്ന രണ്ടാം ഘട്ട കൃത്രിമ കാല്‍ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷയായി.

ജില്ലാപഞ്ചായത്ത് 2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ മൂന്നുപേര്‍ക്ക് കൃതിമ കാലുകള്‍ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ 12 പേര്‍ക്കാണ് കൃത്രിമ കാലുകള്‍ വിതരണം ചെയ്തത്. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്റര്‍ മുഖാന്തിരമാണ് കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.


പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ സ്വച്ഛ് ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ പി.രവീന്ദ്രന്‍ മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗ്രിഫിന്‍ സുരേന്ദ്രന്‍, ഡോ.കെ.പി.മനോജ് കുമാര്‍, ഡോ. സുമിന്‍ മോഹന്‍, അഡീഷണല്‍ ലേ സെക്രട്ടറി കെ.സജിത്ത്, ലേ സെക്രട്ടറി കെ.കെ.ധനേഷ്, സി.എന്‍.ഒ ഇന്ദിര, അജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.