സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം പ്രവർത്തനം തുടങ്ങി
കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു: മുഖ്യമന്ത്രി
സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം ‘കമ്മ്യൂൺ’ കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവർത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങൾ മുൻകൈയെടുക്കണം.
കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തിൽ നോളജ് ഇക്കണോമി മിഷൻ മുഖേന നൈപുണ്യ പരിശീലനം നൽകുന്നു. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യവും സമ്പാദിക്കാനാണിത്. പഠനം കഴിഞ്ഞവർക്കും തൊഴിൽ ലഭിക്കാത്തവർക്കും അതാത് മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനും സൗകര്യം ഒരുക്കി. പല കാരണങ്ങൾ കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വന്ന അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽ ഐടി പാർക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റിയുടെ റീജ്യണൽ സെന്റർ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പൺ എയർ ഓഡിറ്റോറിയം, മുനിസിപ്പൽ ആസ്ഥാനനിർമ്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി.

കിഫ്ബിയിലൂടെ സമാന്തര ധനകാര്യസ്രോതസ് സൃഷ്ടിച്ചാണ് 90,000 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം ആയത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വികസനസാക്ഷ്യങ്ങൾ കാണാം. നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള സർക്കാരിന്റെ നീക്കത്തിന് പിന്തുണയും മുഖ്യമന്ത്രി ആവശ്യപെട്ടു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരിച്ച് എത്തിക്കുക, കേരളത്തെ ആഗോള സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബായി ഉയർത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. വർക്ക് നിയർ ഹോമിലെ 150 സീറ്റുകളിൽ 80 എണ്ണവും വിവിധ കമ്പനികൾ ഏറ്റെടുത്തു. അതിവേഗ ഇന്റർനെറ്റ്, ശീതീകരണമുൾപ്പെടെ അത്യാധുനിക തൊഴിൽ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. 80 കോടിയിലധികം രൂപ ചിലവഴിച്ച് 1500 പേർക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന രവിനഗറിലെ ഐ ടി പാർക്ക് രണ്ടാംഘട്ട ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ്. എഴുകോൺ പോളിടെക്‌നിക്കിൽ ഡ്രോൺ റിസർച്ചുമായി ബന്ധപ്പെട്ട കോഴ്‌സ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നേത്രാസെമി, പ്രോംടെക് ഗ്ലോബൽ, വൊന്യൂ, സോഹോ തുടങ്ങിയ കമ്പനികൾക്ക് വർക്ക് നിയർ ഹോമിൽ പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി.

സോഹോ കോർപ്പറേഷൻ കോ-ഫൗണ്ടർ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടർ എൻ. ദേവിദാസ്, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രേഖ, ദിവ്യ ചന്ദ്രശേഖർ, പി പ്രിയ, മനു ബിനോദ്, വി വിദ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജി സരസ്വതി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. വി.സുമലാൽ, കെ. എസ്. ഷിജുകുമാർ, കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ എ. ഷാജു, വാർഡ് കൗൺസിലർ എസ്.ആർ. രമേശ്, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം റിയാസ് തുടങ്ങിയവർ പങ്കെടുത്തു.









