ജില്ലയില്‍ 4,53,000 കുടിവെള്ള കണക്ഷനുകൾ നല്‍കി

post

ജില്ലയില്‍ ഗ്രാമീണമേഖലയില്‍ ജലജീവന്‍ മിഷന്‍ മുഖേന നല്‍കിയത് 4,53,000 കുടിവെള്ള കണക്ഷനുകള്‍. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജലശുചിത്വ സമിതി യോഗത്തില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നെടുവത്തൂരിലെ പുല്ലാമലയില്‍ സ്ഥാപിക്കേണ്ട ജലസംഭരണിക്ക് സ്ഥലം വിട്ട് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കെആര്‍എഫ്ബിയുടെ അധീനതയിലുള്ള വെറ്റമുക്ക്- തേവലക്കര റോഡില്‍ ഫെബ്രുവരി ഒന്നിനകം പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. നെടുമ്പന പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീന്‍ ലബ്ബ, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ എസ്.സന്തോഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.