വനാതിര്‍ത്തികളില്‍ കര്‍ശന പരിശോധന; ലഹരിവ്യാപനം തടയാന്‍ സംയുക്തപരിശോധന

post

അനധികൃതമദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയുന്നതിന് ജില്ലയുടെ വനാതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍. ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ എക്സൈസ്, പൊലീസ്, വനം, കോസ്റ്റല്‍ പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന സംയുക്തപരിശോധന തുടരുമെന്നും വ്യക്തമാക്കി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സ്‌കൂളുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.

തീരദേശം കേന്ദ്രീകരിച്ച് കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന ഇടങ്ങള്‍, ക്യാമ്പുകള്‍, അരിഷ്ടം വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലും കര്‍ശന നിരീക്ഷണം തുടരും. കൊല്ലം ബീച്ച്, തങ്കശ്ശേരി- പുലിമുട്ട് ഭാഗം, താന്നിക്കമുക്ക്, റെയില്‍വേ സ്റ്റേഷന്‍, ആശ്രാമം മൈതാനം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി 15 വരെ 1352 റെയ്ഡുകള്‍ നടത്തി. 7180 വാഹനങ്ങള്‍ പരിശോധിച്ചു. 212 അബ്കാരി കേസുകളും 92 എന്‍.ഡി.പി.എസ്. കേസുകളും, 974 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 18 വാഹനങ്ങള്‍ പിടികൂടി. 62 ലിറ്റര്‍ ചാരായം, 608.505 ലിറ്റര്‍ വിദേശമദ്യം, 7800 ലിറ്റര്‍ ബീയര്‍, 510.400 ലിറ്റര്‍ അരിഷ്ടം, 431 ലിറ്റര്‍ കോട (വാഷ്), 8.265 കിലോഗ്രാം കഞ്ചാവ്, 2 കഞ്ചാവ് ചെടികള്‍, 51.712 ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി. 52 സംയുക്ത റെയ്ഡുകളും നടത്തി. അബ്കാരി കേസുകളില്‍ 165 പേരേയും എന്‍.ഡി.പി.എസ് കേസുകളില്‍ 96 പേരെയും അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്‍ മനോജ് അറിയിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, സമിതി അംഗങ്ങളായ കുരീപ്പുഴ ഷാനവാസ്, എന്‍ പി ഹരിലാല്‍, കുരീപ്പുഴ വിജയന്‍, തൊടിയില്‍ ലുക്ക്മാന്‍, പേരൂര്‍ സജീവ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.