ജില്ലയിൽ 307 പുതിയ പോളിംഗ് സ്‌റ്റേഷനുകൾ; വൾനറബിലിറ്റി മാപ്പിംഗ് നടത്തും
ജില്ലയിൽ 307 പുതിയ പോളിംഗ് സ്‌റ്റേഷനുകൾ രൂപീകരിച്ചതായും ഇതുൾപ്പെടെ ആകെയുള്ള 2177 പോളിംഗ് സ്‌റ്റേഷനുകളിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൾനറബിലിറ്റി മാപ്പിംഗ് നടത്തുമെന്നും ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ. മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളിലും ബിഎൽഎമാരെ നിയമിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടപടി സ്വീകരിക്കണം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 1858 പോളിംഗ് സ്‌റ്റേഷനുകളായിരുന്നു. ഇതിൽ 53 ക്രിട്ടിക്കൽ ബൂത്തുകളും 132 വൾനറബിൾ ബൂത്തുകളും ഉണ്ടായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1860 പോളിംഗ് സ്‌റ്റേഷനുകളായിരുന്നു. ഇതിൽ 420 ക്രിട്ടിക്കൽ ബൂത്തുകളും 121 വൾനറബിൾ ബൂത്തുകളുമാണ് ഉണ്ടായിരുന്നത്.
മുഴുവൻ ബൂത്തുകളുടെയും ക്രമസമാധാനനില പരിശോധിച്ച് ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകൾ കണ്ടെത്തി മാനദണ്ഡപ്രകാരം പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. വൾനറബിലിറ്റി മാപ്പിംഗ് നടത്തുന്നതിന്റെ ഭാഗമായി സെക്ടർ ഓഫീസർമാരുടെ നിയമനം അടിയന്തിരമായി നടത്താൻ കലക്ടർ നിർദേശിച്ചു.
വില്ലേജ് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ കെ വി സുമേഷ് എംഎൽഎ, റൂറൽ എസ്പി അനൂജ് പലിവാൽ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, രാഷ്ട്രീയ കക്ഷി നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അൻസാരി തില്ലങ്കേരി, ടി.സി മനോജ്, ജോൺസൺ പി തോമസ്, അനീഷ് കുമാർ, വെള്ളോറ രാജൻ, ഉദേ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.









