പാലിയേറ്റീവ് ദിനാചരണം: കുടുംബ സംഗമവും ക്ലാസും നടത്തി
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷനും കണ്ണൂർ ജില്ലാ ആശുപത്രിയും ചേർന്ന് പാലിയേറ്റീവ് കുടുംബ സംഗമം, കൊളോസ്റ്റമി പരിചരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. പയ്യാമ്പലത്ത് നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ സാർവത്രികമാക്കാൻ ജില്ലയിലെ വിവിധ മേഖലകളിൽ പാലിയേറ്റീവ് പരിശീലനം സംഘടിപ്പിച്ച് അയൽപക്ക കൂട്ടായ്മകൾ വിപുലപ്പെടുത്തുന്നതിന് ജില്ലാപഞ്ചയത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പാലിയേറ്റീവ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് പി. രവീന്ദ്രൻ പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും ജില്ലാ ആശുപത്രി സൂപ്രണ്ടുമായ ഡോ. എം.കെ ഷാജി അധ്യക്ഷനായി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ പാലിയേറ്റീവ് ദിന സന്ദേശം നൽകി. ജില്ലാ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. വി.എസ് ദിവ്യ കൊളോസ്റ്റമി പരിചരണ ക്ലാസിന് നേതൃത്വം നൽകി. പാലിയേറ്റീവ് വിഭാഗം ജില്ലാ കോർഡിനേറ്റർ എ. കെ സനോജ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. സുമിൻ മോഹൻ പി, സെക്രട്ടറി എ.പി സചീന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ടി. സുധീഷ്, ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ നഴ്സിംഗ് ഓഫീസർ പി.ശോഭ എന്നിവർ സംസാരിച്ചു.









