പത്താംതരം തുല്യതാ പരീക്ഷ; ജില്ലയില്‍ 96.8 ശതമാനം വിജയം
സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 96.8 ശതമാനം വിജയം. പരീക്ഷ എഴുതിയ 688 പേരില്‍ 662 പേരും വിജയിച്ചു. ഇതില്‍ 546 സ്ത്രീകളും 116 പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 23 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 14 പേരും ഭിന്നശേഷിക്കാരായ 25 പേരും പാസായി.
മാടായി ജി.വി.എച്ച്.എസ്.എസ്, കൂത്തുപറമ്പ് ജി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ കമാലിയ സ്‌കൂള്‍, ചാല ഗവ. എച്ച്.എസ്.എസ് എന്നീ പഠന കേന്ദ്രങ്ങളില്‍ നിന്നും പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു.
പയ്യന്നൂര്‍ പഠന കേന്ദ്രത്തിലെ 78 വയസുകാരി ഗൗരി കോടിയത്ത് പടിഞ്ഞാറെ വീട്ടിലാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. 18 വയസുകാരി പി.ആര്‍ ആശയാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. കോട്ടയം പഠന കേന്ദ്രത്തിലെ 74 വയസ്സുള്ള ശാന്ത, ഇരിട്ടി പഠന കേന്ദ്രത്തിലെ 71 വയസുകാരന്‍ യു.സി നാരായണന്‍, തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 72 വയസുള്ള പി ലീല, കൂത്തുപറമ്പിലെ 71 വയസുകാരി രാധ അണിയരി എന്നിവരും പാസായിട്ടുണ്ട്. കൂത്തുപറമ്പ് പഠന കേന്ദ്രത്തിലെ വി പ്രഭാവതി, മകന്‍ വി ദീപക്ക്, പയ്യന്നൂര്‍ പഠന കേന്ദ്രത്തിലെ അനില്‍കുമാര്‍, ഭാര്യ ധന്യ എന്നിവരും പാസായവരില്‍ ഉള്‍പ്പെടുന്നു.
വിവിധ പഠന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരും പാസായവരും
ചട്ടുകപ്പാറ ജി.എച്ച്.എസ്.എസ് (31,30), തലശ്ശേരി ജി.ബി.എച്ച്.എസ്.എസ് (54,53 ), കണ്ണൂര്‍ ജി.വി.എച്ച്.എസ് (78,72), പേരാവൂര്‍ ബ്ലോക്ക് പഠനകേന്ദ്രം (54,53), പള്ളിക്കുന്ന് ജി.എച്ച്.എസ്.എസ് (37,32), കണിയന്‍ചാല്‍ ജി.എച്ച്.എസ്.എസ് (25,23), തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍ (91,88), കോട്ടയം ജി.എച്ച്.എസ്.എസ് (31,29), ഇരിട്ടി പഠനകേന്ദ്രം (59,55), പാനൂര്‍ പി.ആര്‍.എം.എച്ച്.എസ്.എസ് (39,38)









