പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം; റിപബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത്

post

ജില്ലയിലെ റിപബ്ലിക് ദിനാഘോഷം ജനുവരി 26ന് ആശ്രാമം മൈതാനത്ത് സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കും. പ്ലാസ്റ്റിക്നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പനയും പ്രദര്‍ശനവും നിരോധിച്ചു. കടകളില്‍ പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി.

പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ജനുവരി 22, 23 തീയതികളില്‍ വൈകിട്ട് മൂന്നിനും ഡ്രസ് റിഹേഴ്സല്‍ 24ന് രാവിലെ 7.30നും നടത്തും.

ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഒയ്ക്കാണ് ചുമതല. കുടിവെള്ളലഭ്യത ഉറപ്പാക്കും. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്സഹിതം ആരോഗ്യസംഘമുണ്ടാകും. എല്ലാ ജീവനക്കാരും റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വ്യാപാര, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.