കശുവണ്ടി ഇനി കെ-സ്റ്റോറുകളിലൂടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

post

കശുവണ്ടിമേഖലയുടെ വിപണിസാധ്യത ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. കശുവണ്ടിവികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ കെ-സ്റ്റോറുകള്‍വഴി ലഭ്യമാക്കുന്ന പദ്ധതിയിലൂടെയാണ് ലക്ഷ്യംകാണുക. പുതുപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തന്‍നട കെ-സ്റ്റോറില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു.

ഗ്രാമപ്രദേശങ്ങളിലേക്ക് കെ-സ്റ്റോറുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ ലഭ്യമായ എല്ലാ റേഷന്‍കടകളും കെ-സ്റ്റോറുകളാക്കും. ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍കടകളിലൂടെ ലഭ്യമാക്കാന്‍ 19 ബാങ്കുകളുമായി ധാരണയായി. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ 300 കോടി രൂപയുടെ വില്‍പന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ എ.കെ.ഹഫീസ് ആദ്യ വില്‍പന നടത്തി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, റേഷനിംഗ് കണ്‍ട്രോളര്‍ സി.വി.മോഹന്‍കുമാര്‍, തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ദീപിക പ്രമോജ്, താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ. സാറാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.