സിനി കോംപ്ലക്‌സ് ഉടന്‍ യാഥാര്‍ഥ്യമാകും

post

കൊട്ടാരക്കര നെടുവത്തൂരില്‍ നിര്‍മിക്കുന്ന തീയറ്റര്‍ സമുച്ചയം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഭരത് മുരളി എന്നിവരുടെ പേരില്‍ നെടുവത്തൂരില്‍ ആരംഭിക്കുന്ന സിനി കോംപ്ലക്‌സ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണോദ്ഘാടനം താമസമില്ലാതെ നടത്തും. 46 കോടി രൂപയാണ് ചെലവാകുക; നാലു കോടി രൂപ എം എല്‍ എ ഫണ്ടും ബാക്കി തുക കിഫ്ബിയുമാണ് ലഭ്യമാക്കുന്നത്. രണ്ടു തീയറ്റര്‍ സമുച്ചയങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ക്കായി കണ്‍വെന്‍ഷന്‍ സെന്റര്‍, കഫെറ്റീരിയ എന്നിവയാണ് സൗകര്യങ്ങള്‍. വിശദമായ പദ്ധതി രേഖ ഉടനെ സമര്‍പ്പിക്കാനും നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള അനുബന്ധ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സാങ്കേതിക വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.