മില്‍ക്കത്തോണ്‍: ക്ഷീരസംഗമം 'പടവ്' മിനി മാരത്തണിന് തുടക്കം

post

ക്ഷീരമേഖലയെ സംബന്ധിച്ച അറിവ് പകരുന്നതിനും നൂതനസാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനുമായി ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാര്‍ഥം ക്ഷീരവികസന വകുപ്പ് 'മില്‍ക്കത്തോണ്‍' മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കൊല്ലം ബീച്ചില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചിന്നക്കട റസ്റ്റ് ഹൗസ് വരെയുള്ള ട്രാക്കില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനുവരി 18 മുതല്‍ 21 വരെ ആശ്രാമം മൈതാനത്താണ് പടവ് നടക്കുക.

ദേശീയ മാരത്തണ്‍ താരങ്ങളായ ഷീബ ജയപ്രകാശ്, നസുമുദീന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കോശി കെ. അലക്‌സ്, സുലേഖ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. കായിക കൂട്ടായ്മകളായ സോള്‍ ഓഫ് കൊല്ലം, ജസ്റ്റ് മൂവ് ക്ലബ്, മോര്‍ണിംഗ് വാക്ക് തൃക്കരുവ തുടങ്ങിയ ക്ലബുകളില്‍ നിന്നുള്ളവരും കൂട്ടയോട്ടത്തിനെത്തി.

ക്ഷീരസംഗമത്തിന് വിളംബരമായി പാട്ടുവണ്ടിയും

ആശ്രാമം മൈതാനത്ത് ജനുവരി 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാര്‍ഥം പാട്ടുവണ്ടിയുമെത്തുന്നു. നാടന്‍ പാട്ടുകളില്‍ തുടങ്ങി വിവിധ കലാപരിപാടികളുമായാണ് വാഹനമെത്തുക. കവലകളില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ടാകും അവതരണം. വിവിധ ക്ഷീരസംഘങ്ങളിലെ കര്‍ഷകരുമായി സംവദിക്കും. പ്രശ്നോത്തരി മത്സരവും നടത്തും. ജനുവരി 14ന് രാവിലെ 8.30 ന് ചിന്നക്കട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്യും. നാലുദിവസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളും വാഹനമെത്തും. ആദ്യദിനം നടുവിലച്ചേരി, ചവറ, കരുനാഗപ്പള്ളി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല. 16ന് ചാത്തന്നൂര്‍, കൊട്ടാരക്കര, വെട്ടിക്കവല. 17ന് പത്തനാപുരം, അഞ്ചല്‍, ചടയമംഗലം.