സ്ട്രീറ്റ് ലൈറ്റ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പരിപാലന യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
കരിവെള്ളൂര്‍ പെരളം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഗ്രാമ കിരണം പദ്ധതിയുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പരിപാലന യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രമേശന് ഉദ്ഘാടനം ചെയ്തു. കരിവെള്ളൂര്‍, പള്ളിക്കുളം എസ് സി തൊഴില്‍ നൈപുണ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം ലഭിച്ച മുപ്പത് അയല്‍ക്കൂട്ടം പ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നത്.
ജില്ലയിലെ ആദ്യത്തെ സ്ട്രീറ്റ് ലൈറ്റ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പരിപാലന യൂണിറ്റാണ് കരിവെള്ളൂരിലേത്. ആദ്യ ഘട്ടമായി കരിവെള്ളൂര്‍, കാങ്കോല്‍, പയ്യന്നൂര്‍ മേഖല കേന്ദ്രീകരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേക്ക് യൂണിറ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.കെ സുധാമണി, സി ഡി എസ് ചെയര്‍പേഴ്സണ്‍ പി.വി സുനിത, ജില്ലാ പഞ്ചായത്ത് അംഗം എ.വി ലെജു, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്, പി.പി സുരേന്ദ്രന്, എം രാഘവന്, സന്ദീപ് മോഹനന്, പി നിഷ, രാജേഷ്, എം.വി ദൃശ്യ, കെ നിത്യ എന്നിവര്‍ പങ്കെടുത്തു.









