ജില്ലയില്‍ ലോക് ഡൗണ്‍ ശക്തമായി തുടരും: മന്ത്രി ഇ പി ജയരാജന്
 
                                                കണ്ണൂര്‍ : റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊറോണയുമായി ബന്ധപ്പെട്ട ജില്ലയിലെ സ്ഥിതിഗതികള്‍ ഏതാനും ദിവസങ്ങള്‍ക്കകം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുപ്രകാരം സര്‍ക്കാര്‍ തലത്തില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്നും അതു വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലയിലെ പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. വരുംദിനങ്ങളില്‍ കര്‍ക്കശമായി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ രോഗവ്യാപനം കൂടുകയും ലോക്ക് ഡൗണ്‍ നീളുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണ് ഉണ്ടാവുക. ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
റെഡ് സോണ്‍ പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. പരിശോധനാ ഫലം നെഗറ്റീവായ ശേഷം വീടുകളിലേക്ക് മടങ്ങിയവരും നിശ്ചിത കാലം കൃത്യമായി ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തുള്ളവരുമായോ വീട്ടിലെ തന്നെ മറ്റുള്ളവരുമായോ ഒരു രീതിയിലുമുള്ള സമ്പര്‍ക്കം ഉണ്ടാവാതെ നോക്കണം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസിന്റെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളിലൂടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവര്‍ ജില്ലയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസ് ജാഗ്രത പാലിക്കണം. ഊടുവഴികളിലൂടെയും മറ്റും ആളുകള്‍ പ്രവേശിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.










