ഡെന്മാർക്കിലേയ്ക്ക് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്മെന്റിന് നോർക്ക റൂട്ട്സ് കരാർ ജനുവരി 8ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറും
കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ ജനുവരി 8ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. രാവിലെ 11.15 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും തമ്മിലാണ് കരാർ കൈമാറുക. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവൽ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണ് റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേയ്ക്കാണ് കരാർ.
ജനുവരി ഏഴിന് തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു, ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജും നഴ്സിംഗ് കോളേജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംങ് വിദ്യാർത്ഥികളുമായും സംവദിക്കും. മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും. കരാർ കൈമാറ്റ നടപടികൾക്കു ശേഷം ജനുവരി 8 ന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.









