കെ ഐ പി പട്ടയ ഭൂമിപ്രശ്‌നത്തിന് പരിഹാരമുണ്ടാകും

post

കെ ഐ പി പട്ടയ ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് വേഗത്തിലാകും നടപടികളെന്ന് കെ ഐ പി കനാൽ പുറമ്പോക്ക് നിവാസികളുടെ കൈവശഭൂമിയുടെ പട്ടയം പരിശോധന നിർവഹിക്കവെ വ്യക്തമാക്കി. പത്തനാപുരം റസ്റ്റ് ഹൗസിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനൊപ്പമാണ് കെ ഐ പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. തുടർന്നായിരുന്നു സന്ദർശനം. ഇളപ്പുപാറ, കരിമ്പാലൂർ, വട്ടമൺ പൊയ്ക, തച്ചകോട്, ചാച്ചിപുന്ന, ചെമ്പ്രാമൺ, മഞ്ചാംകുന്ന്, കുറുന്തമൺ, കറവൂർ, വഴങ്ങോട് തുടങ്ങി കെ ഐ പി കനാലിന് സമീപത്തുള്ള പട്ടയഭൂമിപ്രദേശത്തുള്ളവരുമായി ആശയവിനിമയം നടത്തി.

ജലസേചന വകുപ്പ് കനാൽ നിർമാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ചു. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടാകും സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ വ്യക്തമാക്കി. പരമാവധി ജനങ്ങൾക്ക് പട്ടയം നൽകുകയാണ് സർക്കാരിന്റെനയം. ലക്ഷക്കണക്കിന് പട്ടയങ്ങൾ നൽകിയെന്നും കൂട്ടിച്ചേർത്തു.


പി.എസ് സുപാൽ എം എൽ എ, ജില്ലാ കലക്ടർ എൻ ദേവിദാസ് ,പുനലൂർ ആർ ഡി ഒ ജി.സുരേഷ് ബാബു, എൽ ആർ ഡെപ്യൂട്ടി കലക്ടർ ബീനാറാണി, വി എ എഫ് പി സി എൽ ചെയർമാൻ ബെന്നി കക്കാട്, കെ ഐ പി പ്രൊജക്റ്റ് ചീഫ് എൻജിനീയർ സുജ ഗ്രേസൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ സരിത ജോൺ ബോസ്‌കോ തുടങ്ങിയവർ പങ്കെടുത്തു.