ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

post

പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി മുന്നില്‍: മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനാപുരം ഡിപ്പോയില്‍നിന്നുള്ള വര്‍ക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, കടയ്ക്കല്‍-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിർവഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി ഏറെ മുന്നിലാണെന്ന് മന്ത്രി പറഞ്ഞു.

ശബരിമല സ്‌പെഷ്യല്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി നേടിയത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.25 കോടി രൂപയുടെ അധിക വരുമാനമാണ്. കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 8.5 കോടി രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓഫീസുകളെല്ലാം ഇ-ഓഫീസുകളായിമാറും. തീര്‍ഥാടനടൂറിസത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം കൊട്ടാരക്കരയില്‍ നിന്നും ഗുരുവായൂരിലേക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് സര്‍വീസ് നടത്തും. എല്ലാ പ്രമുഖ ആരാധനാലയങ്ങളിലേക്കും ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പത്തനാപുരം കൊട്ടാരക്കര വഴി ആറ്റാന്‍കരയ്ക്ക് ബസ് സര്‍വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ജയന്‍, എം.ജിയാസുദ്ദീന്‍, വാര്‍ഡ് അംഗങ്ങളായ റഹ്മത്ത് ദിലീപ്, ഫാറൂഖ് മുഹമ്മദ്, പത്തനാപുരം സര്‍വീസ് ബാങ്ക് പ്രസിഡന്റ് ഷൗബീല ഷാജഹാന്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.