ശിവഗിരി തീർത്ഥാടനം സമൂഹത്തിന് നിത്യപ്രചോദനം: മുഖ്യമന്ത്രി

post

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക സമൂഹത്തിന് ശിവഗിരി തീർത്ഥാടനം നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ കർമനിഷ്ഠയുടെ പ്രതിസ്പന്ദങ്ങളാണ് 93 വർഷമാകുന്ന ശിവഗിരി തീർത്ഥാടനത്തിലുള്ളത്. 93 -ാംമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ശിവഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗുരു സമാധിയാകുന്നതിന് മാസങ്ങൾക്കു മുൻപ് 1928 ജനുവരി 16 നാണ് ശിവഗിരി തീർത്ഥാടന സന്ദേശം നൽകുന്നത്. ശിവഗിരി തീർത്ഥാടനം ഒരു സർവമത ദർശന സമന്വയത്തിന്റെ തീർത്ഥാടനമായിരിക്കണമെന്ന് ഗുരു വ്യക്തമാക്കിയിരുന്നു. പാപക്കറ കഴുകിക്കളഞ്ഞ് പുണ്യം നേടുകയെന്ന കേവലമായ തീർത്ഥാടനത്തിന്റെ സ്ഥലരാശിയിലല്ല ഗുരു സഞ്ചരിച്ചത്. മറിച്ച്, തന്റെ സന്യാസ ജീവിതത്തിന്റെ അകം പൊരുളായ ഭൗതിക ജീവിത പുരോഗതിയുടെ അതിരുകളിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകാൻ കൂടി തീർത്ഥാടനം ലക്ഷ്യമിടണമെന്നായിരുന്നു.

തീർത്ഥാടനത്തിന്റെ ലക്ഷ്യമായി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര – സാങ്കേതിക പരിശീലനം എന്നീ എട്ടു കാര്യങ്ങൾ ഗുരു നിർദേശിച്ചു. ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ളവരെക്കൊണ്ട് പ്രഭാഷണങ്ങൾ നടത്തിക്കണമെന്നും എല്ലാവർക്കും പ്രഭാഷണങ്ങൾ കേൾക്കാൻ സൗകര്യമൊരുക്കണമെന്നും അക്കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കണമെന്നും അതുവഴി സമൂഹത്തിനും രാജ്യത്തിനാകെത്തന്നെയും പുരോഗതി ഉണ്ടാകുമെന്നും ഗുരു പറഞ്ഞു.


ഗുരു നിർദേശിച്ച എട്ടു കാര്യങ്ങളിൽ ഈശ്വരഭക്തി എന്നത് ഒഴിച്ച് ബാക്കി ഏഴു കാര്യങ്ങളും ഭൗതിക ജീവിത പുരോഗതിക്ക് ആധാരമായവയാണ്. പ്രഥമ പരിഗണന വിദ്യാഭ്യാസത്തിനായിരുന്നു. മറ്റ് മേഖലകളിൽ ഈ അറിവിന്റെ പ്രയോഗം അർത്ഥപൂർണമായി നടത്തുമ്പോഴാണ് സാമൂഹ്യ ജീവിതം ഉയരങ്ങളിലേക്കു കൊണ്ടുപോവുകയെന്ന അത്യന്തം ശാസ്ത്രീയമായ ഉൾക്കാഴ്ച ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ ഗുരുവിന്റെ വചനങ്ങളിലൂടെ നാം അറിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിനു കൂടി തെളിവാണ്.

ഗുരു ചിന്തിച്ച വഴിക്കാണ് കേരളം ഇന്ന് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി വിജ്ഞാന സമ്പദ്ഘടനയെയും വിജ്ഞാന സമൂഹത്തെയും സൃഷ്ടിക്കുന്നത്. വിദ്യകൊണ്ടു മാത്രമേ അടിമത്തത്തിലും അന്ധതയിലും ആണ്ട മനുഷ്യന് സ്വാതന്ത്ര്യം ലഭിക്കൂ എന്ന് ഗുരുവിന് നന്നായി അറിയാമായിരുന്നതുകൊണ്ടാണ് ‘വിദ്യ കൊണ്ടു സ്വതന്ത്രരാകൂ’ എന്ന പ്രബോധനം ഗുരു നൽകിയത്.

ഗുരു സന്ദേശത്തിന്റെ സാരസർവസ്വവും ഉൾക്കൊണ്ടാണ് കേരളത്തിൽ പുരോഗമന ശക്തികൾ പ്രവർത്തിക്കുന്നത്. ഐക്യ കേരളപ്പിറവിക്ക് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാർ സ്വീകരിച്ച ആദ്യ രണ്ടു നിയമ നടപടികൾ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു.


ജാതിവിവേചനങ്ങളുടെ പേരിൽ വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാതിരിക്കുകയും, പ്രവേശനം ലഭിച്ചവർക്കുപോലും ഫീസ് നൽകി പഠിക്കാൻ കഴിയാതെവരികയും ചെയ്തിരുന്ന ഘട്ടത്തിലാണ് 1957 ലെ സർക്കാർ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കിയത്. ഇതിനുശേഷം 1967 ൽ ഇ എം എസ് സർക്കാർ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്.

ഈ രണ്ടു നിയമ നടപടികളിലൂടെയുമാണ്, പിൽക്കാലത്ത് രാജ്യാന്തര പ്രശസ്തമായി മാറിയ ‘കേരളാ മോഡൽ’ വികസിച്ചുവന്നത്. ജാതീയമായും സാമൂഹ്യമായും അടിച്ചമർത്തപ്പെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങളെയാകെ അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകാശപൂർണമായ വഴികളിലേക്ക് കൈപിടിച്ചുയർത്തുക എന്ന ഗുരുവിന്റെ പ്രബോധനം തന്നെയാണ് അക്കാലത്ത് നടപ്പാക്കിയത്.

ഈ പാതയിലൂടെ തന്നെയാണ് ഇപ്പോഴത്തെ കേരള സർക്കാരും മുന്നോട്ടുപോകുന്നത്. 2016 ലെ സർക്കാർ കേരള ജനതയെയാകെ പുരോഗതിയിലേക്കു കൊണ്ടുപോവുകയെന്ന ലക്ഷ്യം വച്ച് നാലു മിഷനുകൾ നടപ്പാക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ‘വിദ്യാകിരണം’ പദ്ധതിയിലൂടെ ഇന്ന് കിഫ്ബിയുടെ പിന്തുണയിൽ 50,000 ത്തിലേറെ ഹൈടെക് ക്ലാസ്മുറികൾ പണികഴിപ്പിച്ചു. പാഠ്യപദ്ധതിയും പുരോഗമന വീക്ഷണത്തോടെ പരിഷ്‌ക്കരിച്ചു. ഗുരു നിർദേശിച്ച ശുചിത്വം എത്രയേറെ പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് ‘ഹരിതകേരളം’ പദ്ധതി നടപ്പാക്കി വരുന്നത്. പാവപ്പെട്ടവർക്കു വീടുവച്ചു നൽകുന്ന ‘ലൈഫ്’ പദ്ധതിയും ആരോഗ്യമേഖല കുറ്റമറ്റതാക്കുന്നതിനുള്ള ‘ആർദ്രം’ പദ്ധതിയും ഗുരു ചൂണ്ടിക്കാട്ടിയ സഹജീവിയെക്കുറിച്ചു പാലിക്കേണ്ട കരുതലിന്റെ അനുബന്ധങ്ങളാണ്. ഗുരു മുന്നോട്ടുവച്ച കൃഷിയുടെയും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും സന്ദേശങ്ങളും സർക്കാർ ഫലപ്രദമായി നിർവഹിച്ചാണ് മുന്നോട്ടു പോകുന്നത്.


ജനാധിപത്യ – മതേതര രാഷ്ട്രഘടന നിലനിൽക്കാൻ ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്തികളുടെ സന്ദേശവും സമന്വയിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ ഗുരുവിന്റെ ദർശന മഹിമയും അതിന്റെ ഭാഗമായി നടത്തിവരുന്ന ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും. നമ്മുടെ നാടിനെയാകെ ഇരുളിൽ നിന്നു വെളിച്ചത്തിലേക്കു നയിച്ചതും ആ ദർശനപ്പെരുമ തന്നെയാണ്. ഇത് കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക എന്നതാണ് ഗുരുദർശനങ്ങളോട് നീതി പുലർത്താൻ നമുക്ക് ചെയ്യാൻ കഴിയുന്നത്.

ഗുരുവിന്റെ സാന്നിധ്യവും മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയുടെ പടവുകളിൽ ഗുരു സന്നിവേശിപ്പിച്ച ദർശനമാഹാത്മ്യവും സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടോളമാവുന്നു. ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മുടെ നാട്ടിൽ നടമാടിയിരുന്ന ആശാസ്യമല്ലാത്ത പ്രവണതകൾക്ക് എതിരെയാണ് ഗുരു പ്രവർത്തിച്ചത്. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കാനിടയാവുകയും ചെയ്ത അസംബന്ധ പ്രവണതകൾക്ക് എതിരെയായിരുന്നു അദ്ദേഹം ഓരോ വാക്കും ഉരുവിട്ടത്. ദൈവദശകം, ദർശനമാല, ആത്മോപദേശശതകം, അനുകമ്പാദശകം പോലുള്ള കൃതികൾ രചിച്ചതും ഇത്തരം അനുഭവസാക്ഷ്യത്തിൽ നിന്നാണ്. അരുവിപ്പുറത്തെ പ്രതിഷ്ഠയിൽ പറഞ്ഞ ‘സോദരത്വേന’ പല രൂപങ്ങളിൽ ഗുരുവിന്റെ കൃതികളിൽ പ്രതിഫലിച്ചിരുന്നു.


അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം കേരളീയ നവോത്ഥാനം ആരംഭിക്കുന്നത്. ഈ പ്രതിഷ്ഠയിലൂടെ ഗുരു നൽകിയത് അന്നു നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന സന്ദേശം തന്നെയായിരുന്നു. ജാതി വ്യത്യാസത്തിന്റെ കന്മതിലുകൾ തീർത്ത ഈ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ സ്വാതന്ത്ര്യം നേടാൻ കഴിയില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. അങ്ങനെ പ്രതീകാത്മകമായ ഒരു വിപ്ലവത്തിന് പ്രാരംഭം കുറിക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്.


അന്നത്തെ തിരുവിതാംകൂറിലെ ഭരണവ്യവസ്ഥ രാജാധികാരത്തിലും നാടുവാഴിത്തത്തിലും കെട്ടിപ്പൊക്കിയതായിരുന്നു. ബ്രാഹ്‌മണനും ക്ഷത്രിയനും അധികാരം കൈയ്യാളുകയും ബഹുജനമാകെ അടിമത്തത്തിന്റെ അപമാനഭാരം പേറി ജീവിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ ആദ്യ പടിയായിരുന്നു ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുക എന്നത്.

ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുക എന്നതിനർത്ഥം ജാതിവ്യവസ്ഥകളുടെ യുക്തിയെ തകർക്കുക എന്നതായിരുന്നു. അന്ന് മേൽ ജാതി, കീഴ് ജാതി എന്നിങ്ങനെ തട്ടുകളായി വിഭജിക്കപ്പെട്ട ജാതിഘടനയുടെ ചട്ടക്കൂടിലാണ് മനുഷ്യൻ മനുഷ്യനെത്തന്നെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരുന്നത്. ആ ചൂഷണ വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ബ്രാഹ്‌മണ്യത്തിനെതിരെയാണ് ഗുരു ചിന്തയുടെ ആയുധം ഉയർന്നത്. ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും എന്നതുപോലെ തന്നെ, സാമ്രാജ്യത്വത്തിന്റെയും അധികാരപ്രയോഗത്തിനെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപം തന്നെയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.

ജാതി അന്ന് ഒരു സാമൂഹ്യവ്യവസ്ഥ മാത്രമായിരുന്നില്ല. അടിസ്ഥാനപരമായ ഉൽപാദനബന്ധങ്ങളെപ്പോലും നിയന്ത്രിച്ചിരുന്നതു കൂടിയായിരുന്നു ജാതി. ഓരോ ജാതിക്കും ഓരോ തൊഴിൽ. ഓരോ ജാതിക്കുമുള്ള മേൽക്കീഴ് വ്യവസ്ഥകൾ തൊഴിലിനും ബാധകമായിരുന്നു. തൊഴിലിനു മാത്രമല്ല, കൂലിക്കും അവകാശങ്ങൾക്കും ചുമതലകൾക്കും അടിസ്ഥാനം ജാതി തന്നെയായിരുന്നു. ജാതി ഒരു നിയമവ്യവസ്ഥ കൂടിയായിരുന്നു. ഓരോ ജാതിക്കും ഓരോ നിയമങ്ങൾ. ഓരോ നിയമത്തിനും കർക്കശമായ അതിർവരമ്പുകൾ. നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ വ്യവസ്ഥകൾക്കുപോലും ജാതിഘടനയുടെ മേൽക്കീഴ് ബന്ധമുണ്ടായിരുന്നു. ഇത്തരമൊരു കാലസന്ധിയിൽ നിന്നുകൊണ്ടാണ് ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനത്തെ ഗുരു സ്വപ്നം കണ്ടത്. അതായത്, ആരും ആരുടെമേലും അധികാര പ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും സന്ദേശം തന്നെയാണിത്.

ഒരു ജാതി വ്യവസ്ഥയുടെ മേൽക്കോയ്മ തകർത്തു മറ്റൊരു ജാതി വ്യവസ്ഥ അടിച്ചേൽപ്പിക്കാനുള്ളതായിരുന്നില്ല. മറിച്ച് ജാതിയേ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. ഗുരുവിന്റെ ‘സോദരത്വേന’ എന്ന സന്ദേശം നമ്മുടെ ഭരണഘടനയുടെ ആമുഖ വചനങ്ങളിൽ വരെ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ മത – ജാതി വൈജാത്യങ്ങളുടെയും വിഭജനമതിലുകൾക്കപ്പുറം, മനുഷ്യൻ ഒന്നാണെന്നും അത് മനുഷ്യത്വത്തിന്റെ ജാതി തന്നെയാണെന്നുമുള്ള കാലാതീതമായ കാഴ്ചപ്പാട് ഗുരു മുന്നോട്ടുവച്ചു.

ലോകം നേരിടുന്ന ഏതു സംഘർഷങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്ന സർവരോഗനിവാരിണി കൂടിയാണ് ഗുരുവിന്റെ മനുഷ്യസങ്കൽപ്പം. ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ഗുരു സങ്കൽപ്പങ്ങൾക്കു പ്രസക്തിയേറി വരുന്നു എന്നതുതന്നെ ഗുരുവചനങ്ങളുടെ കാലാതിവർത്തിയായ സാംഗത്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രഥമ ശിവഗിരി തീർത്ഥാടന പുരസ്‌കാരം കൊച്ചി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് മുഖ്യമന്ത്രി കൈമാറി. സാന്ദ്രാനന്ദ സ്വാമികൾ രചിച്ച് ശിവഗിരിമഠം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ശിവശതകം – എ ഹണ്ടറഡ് ഡ്രോപ്പ്‌സ് ഓഫ് നെക്ടർ’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്രഹ്‌മശ്രീ സച്ചിദാനന്ദസ്വാമികൾ അധ്യക്ഷനായി. കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥിയായി. ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ എം സി സുധാകർ, എം പിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, അഡ്വ. വി. ജോയ് എംഎൽഎ, വർക്കല മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, ശോഭാ സുരേന്ദ്രൻ, ശാരദാനന്ദ സ്വാമികൾ തുടങ്ങിയവർ സന്നിഹിതരായി.