വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനം : ഉപരാഷ്ട്രപതി

post

വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഐക്യവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തും. മാർ ഇവാനിയോസ് കോളേജിന്റെ  ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

വെറും ബിരുദങ്ങൾക്കും തൊഴിലിനും അപ്പുറം, വ്യക്തിത്വ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും വിദ്യാഭ്യാസം മുൻഗണന നൽകണം. യുവതയെ ഭാവിയിലേക്ക് സജ്ജമാക്കുന്ന വലിയ മാറ്റമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ക്രിയാത്മകമായ ചിന്തയ്ക്കും ഗവേഷണത്തിനുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർത്ഥികൾ പഠിക്കണം. വൈവിധ്യങ്ങളെ ബഹുമാനിക്കാനും ശാസ്ത്രീയ അവബോധം വളർത്താനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിദ്യാർത്ഥികൾക്ക് കഴിയണം. വിദ്യാർത്ഥികൾ പുതിയ സാങ്കേതികവിദ്യകളിലൂടെയും സംരംഭങ്ങളിലൂടെയും തൊഴിൽദായകരായി മാറണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അജ്ഞതയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ഉപാധിയാണ് വിദ്യാഭ്യാസമെന്ന ആർച്ച് ബിഷപ്പ് മാർ ഇവാനിയോസിന്റെ കാഴ്ചപ്പാടാണ് മാർ ഇവാനിയോസ് കോളേജിന്റെ വളർച്ചയ്ക്ക് പിന്നിൽ. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മാർ ഇവാനിയോസ് കോളേജിൽ ആരംഭിക്കുന്ന ഇവാനിയൻ റിസർച്ച് സെന്ററിൽ ആവിഷ്‌ക്കരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ സൗകര്യങ്ങൾ ഭാവിയിലെ വളർച്ചയ്ക്ക് ഗുണപരമാകുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള മാർ ഇവാനിയോസ് കോളേജിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മാർ ഇവാനിയോസ് കോളേജിന്റെ വിജയത്തിനും ഇന്നത്തെ വളർച്ചയ്ക്കും പിന്നിൽ അധ്യാപകരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ' അഭിപ്രായപ്പെട്ടു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച സംഭാവന നൽകാൻ കഴിയും. വിദ്യാഭ്യാസ രംഗത്ത് വലിയൊരു മാറ്റം അനിവാര്യമാണെന്നും കോളേജുകളിൽ സംരംഭകത്വ വികസന സെല്ലുകൾ തുടങ്ങണമെന്നും ഇതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സന്നദ്ധമാണെന്നും ഗവർണർ പറഞ്ഞു.


കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാബാവ സ്വാഗതം ആശംസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറും, മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ശശി തരൂർ എം.പി., കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., മേയർ വി. വി. രാജേഷ്, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. മീരാ ജോർജ്ജ് എന്നിവർ സംബന്ധിച്ചു.