ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും

post

മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ 242.42 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആര്‍സിസി ഡയറക്ടര്‍ ഡോ. രജനീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫിനിഷിംഗ് ജോലികള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാനുണ്ട്. ഫര്‍ണിച്ചറുകള്‍, ഓക്‌സിജന്‍ പ്ലാന്റ്, മറ്റ് സംവിധാനങ്ങള്‍ എന്നിവ അനുബന്ധമായി സജ്ജമാക്കുന്നതാണ്.


സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആര്‍സിസിയ്ക്ക് ഏറെ സഹായകരമാണ് ഈ കെട്ടിടം. 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് 14 നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ബേസ്‌മെന്റ് ഒന്നും രണ്ടും പാര്‍ക്കിംഗിനാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ ലീനിയര്‍ ആക്‌സിലറേറ്റ്, ബ്രാക്കി തെറാപ്പി, സിമുലേറ്റര്‍ മെഷീന്‍, ഒന്നാം നിലയില്‍ മൈക്രോബയോളജി, ബ്ലഡ്ബാങ്ക്, റീഹാബ് സര്‍വീസ്, ബില്ലിംഗ്, രണ്ടാം നിലയില്‍ നൂക്ലിയര്‍ മെഡിസിന്‍, വാര്‍ഡുകള്‍, കഫ്റ്റീരിയ, മൂന്നാം നിലയില്‍ ബിഎംടി, എഡ്യൂക്കേഷന്‍ ഫെസിലിറ്റി, നാലാം നിലയില്‍ ലുക്കീമിയ ആന്റ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്, അഞ്ചാം നിലയില്‍ വാര്‍ഡുകള്‍, നഴ്‌സിംഗ് സ്റ്റേഷന്‍ എന്നിവയാണ് സജ്ജമാക്കുക.


ആറാം നിലയില്‍ 6 മോഡ്യുലാര്‍ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ഓപ്പറേഷന്‍ തീയറ്റര്‍, എംഐസിയു, സി.എസ്.എസ്.ഡി., ഏഴാം നിലയില്‍ വാര്‍ഡുകള്‍, സ്യൂട്ട് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, എട്ടാം നിലയില്‍ നഴ്‌സസ് ഹോസ്റ്റല്‍, ഒമ്പതാം നിലയില്‍ പിജി ഹോസ്റ്റല്‍, പത്താം നിലയില്‍ ഫെസിലിറ്റി റൂം, ലൈബ്രറി, ഗസ്റ്റ് റൂം, പതിനൊന്നാം നിലയില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്, ടെറസില്‍ എംഇപി സര്‍വീസ്, ഓപ്പറേറ്റര്‍ റൂം എന്നിവയുമാണ് സജ്ജമാക്കുക.