സ്ഥാനാർത്ഥികളുടെ മരണം : പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ) രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ഡിസംബർ 24 (ബുധൻ) വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബർ 26 (വെള്ളി) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ഡിസംബർ 29 (തിങ്കൾ). ജനുവരി 13 ന് (ചൊവ്വ) രാവിലെ 10 മുതലാണ് വോട്ടെണ്ണൽ.
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാർത്ഥിയായിരുന്നവർ വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 24 വരെ സമർപ്പിക്കാം. എന്നാൽ വോട്ടെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളവരുടെ സ്ഥാനാർത്ഥിത്വം നിലനിൽക്കില്ല. അവർ വീണ്ടും മത്സരിക്കാൻ താല്പര്യപ്പെടുന്നപക്ഷം പുതുതായി നാമനിർദ്ദേശം ചെയ്യാവുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് 2026 ഫെബ്രുവരി 12 നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.










