സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍: ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ എന്യൂമറേഷന്‍ ഫോം വിതരണവും ഡിജിറ്റലൈസേഷനും 100 ശതമാനം പൂര്‍ത്തിയായതായും വ്യക്തമാക്കി. 21,44,527 എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു.
കുറ്റമറ്റതും സമഗ്രവുമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നിലവില്‍ എ.എസ്.ഡി (ആബ്സെന്റ്, സ്ഥിരമായി സ്ഥലത്തിലാത്തവര്‍, മരണപ്പെട്ടവര്‍)/ വോട്ടര്‍മാരുടെ ആവര്‍ത്തനം/ 85 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ എന്നിവ ഒരിക്കല്‍ കൂടി ബി.എല്‍.ഒമാര്‍ മുഖാന്തരം പരിശോധിക്കും. ഇതില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ 18നകം തന്നെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബി.എല്‍.ഒമാരുടേയും ബന്ധപ്പെട്ട ഇ.ആര്‍.ഒമാരുടേയും ശ്രദ്ധയില്‍പ്പെടുത്തണം.
നിലവില്‍ ജില്ലയില്‍ മാപ്പിങ് ചെയ്യാന്‍ സാധിക്കാത്ത 2,060,21 വോട്ടര്‍മാരെ പരമാവധി മാപ്പിങ് ചെയ്യാന്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണവും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1200 അധികം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനക്രമീകരിച്ചത്. ഇപ്രകാരം 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിംഗ് സ്റ്റേഷനുകള്‍ ജില്ലയില്‍ ക്രമീകരിച്ചതായും വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ എ ഇക്ബാല്‍ കുട്ടി (കേരള കോണ്‍ഗ്രസ് (എം), അഡ്വ. തൃദീപ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വി കെ അനിരുദ്ധന്‍ (സി.പി.ഐ.എം), അഡ്വ. കൈപ്പുഴ വി. റാംമോഹന്‍ (ആര്‍ എസ് പി), അഡ്വ. എസ് വേണുഗോപന്‍, ആലഞ്ചേരി ജയചന്ദ്രന്‍ (ബി ജെ പി), അഡ്വ. വിനിത വിന്‍സന്റ് (സി പി ഐ), നയാസു മുഹമ്മദ് (കേരള കോണ്‍ഗ്രസ് (ജോസഫ്)), ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.










