കണ്ണവം കാടിനുള്ളിൽ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടവകാശം ഏവർക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിന്റെ പൂർണ അർത്ഥമുൾക്കൊണ്ട് കാടിനു നടുവിൽ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിലുള്ള പറക്കാട് ആദിവാസി ഉന്നതിയിലെ 81 വോട്ടർമാർക്കാണ് കാടിനുള്ളിൽ പോളിംഗ് ബൂത്ത് ഒരുക്കിയത്.

വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെ 12 കിലോമീറ്റർ കാൽനടയായി പെരുവയിൽ വന്നാണ് മുമ്പ് പറക്കാട് നിവാസികൾ വോട്ട് ചെയ്തിരുന്നത്. അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാടെത്തി 80 കിലോമീറ്ററോളം സഞ്ചരിച്ച് പോളിംഗ് ബൂത്തിലെത്തണം. ഈ അവസ്ഥ കണക്കിലെടുത്താണ് 2024 ൽ ഇലക്ഷൻ കമ്മീഷൻ പ്രത്യേകമായി പറക്കാട് ഉന്നതിയിൽ പോളിംഗ് ബൂത്ത് അനുവദിച്ചത്. നിലവിൽ ജില്ലയിലെ ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്താണിത്. ഉന്നതിയിലെ സാംസ്കാരിക നിലയമാണ് പോളിംഗ് ബൂത്തായി പ്രവർത്തിച്ചത്.










