പ്ലസ്‌വണ്‍ പ്രവേശനം: വേക്കന്‍സി സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

post

മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിന് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ആഗസ്റ്റ് 8 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. നിലവിലുള്ള വേക്കന്‍സി അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്‌സ് എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കാന്‍ഡിഡേറ്റ് ലോഗിനും 'Create Candidate Login-SWS' എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടര്‍ന്ന് കാന്‍ഡിഡേറ്റ് ലോഗിനിലെ 'APPLY ONLINE' എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കന്‍സിക്കനുസൃതമായി ഓപ്ഷനുകളും നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/ കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കിഴിലുള്ള 14 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്‌മെന്റിനും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റിനും ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റില്‍ സ്പോട്ട് അഡ്മിഷനായി ആഗസ്റ്റ് 6 ന് വൈകിട്ട് 4 മണിയ്ക്ക് പ്രസിദ്ധീകരിക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.