തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ സുസജ്ജം
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കുറ്റമറ്റരീതിയിൽ സജ്ജമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ സന്ദർശിച്ച് സംവിധാനങ്ങളെല്ലാം വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാർത്ഥികൾക്കും അനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ 61 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉൾപ്പെടെ 1161 വാഹനങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
രാവിലെ ആറിന് അതത് പോളിംഗ്സ്റ്റേഷനുകളിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോളിംഗ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.
തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയിൽ 5136 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു. സിറ്റിയിൽ 8 ഡി.വൈ.എസ്.പിമാർ 33 ഇൻസ്പെക്ടർമാർ, 173 സബ് ഇൻസ്പെക്ടർമാർ, 1781 സിവിൽ പോലീസ് ഓഫീസർമാർ, 414 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. റൂറൽ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളിൽ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷൻ സബ് ഡിവിഷനുകളിൽ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ താൽക്കാലിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽരേഖയായി ഉപയോഗിക്കാം.

പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇതേകേന്ദ്രങ്ങളിൽ ഡിസംബർ 13ന് വോട്ടെണ്ണൽ. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കളക്ടർ അഭ്യർഥിച്ചു.
പരാതികളിലെല്ലാം നടപടി
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറിൽ ചേർന്ന നീരീക്ഷണസമിതിയോഗത്തിൽ ചെയർമാനും ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റ് ഡിഫേസ്മെന്റ് സ്ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.
താത്ക്കാലിക ഡ്രൈവർ സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കൈമാറി റിപോർട്ട് തേടി. അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പൊലിസിനും മോട്ടർവാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു. പ്രചാരണവസ്തുക്കൾ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തിൽ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയിൽ ഫോണുകൾ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നിർത്തിവയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. സഹപ്രവർത്തകനായ സ്ഥാനാർഥിക്ക് വേണ്ടി സ്കൂൾ അധ്യാപിക വാട്ട്സ്ആപ് ഗ്രൂപ് വഴി പണപിരിവ് നടത്തിയെന്ന ആക്ഷേപം മുൻനിറുത്തി അന്വേഷിച്ച് വിവരം നൽകുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.
പ്രശ്നബാധിതബൂത്തുകൾ സന്ദർശിച്ച് പൊതു നിരീക്ഷകൻ
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിതബൂത്തുകൾ സന്ദർശിച്ച് പൊതുനിരീക്ഷകൻ സബിൻ സമീദ്. ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി.
ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ. ജില്ലയിലാകെ 61 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.










