കമ്മ്യൂണിറ്റി കിച്ചന് സഹായവുമായി തൃശൂര്‍ അതിരൂപതയും ഈസ്റ്റ് പോലീസ് സ്റ്റേഷനും

post

തൃശൂര്‍:  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തോപ്പ് സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് തൃശൂര്‍ അതിരൂപതയും ഈസ്റ്റ് പോലീസ് സ്റ്റേഷനും നല്‍കിയ സഹായങ്ങള്‍ കൃഷി വകുപ്പുമന്ത്രി വി എസ് സുനില്‍കുമാറും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ചേര്‍ന്ന് ഏറ്റുവാങ്ങി. തൃശൂര്‍ അതിരൂപത 101 ചാക്ക് അരിയാണ് സമൂഹ അടുക്കളയിലേക്ക് നല്‍കിയത്.

തോപ് സ്‌കൂളിലെത്തി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായങ്ങള്‍ കൈമാറിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് നല്‍കാന്‍ ആയിരം മാസ്‌ക്കും, ഒരു ലോഡ് പച്ചക്കറിയും തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൈമാറി. ഇതോടൊപ്പം ഒളരി കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഒളരി യൂണിറ്റിന്റെ നേതൃത്വത്തില്‍ 100 കിലോഗ്രാം അരിയും പച്ചക്കറിയും കൈമാറി.

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഒളരി യൂണിറ്റ് സെക്രട്ടറി കെ കെ സഫിയ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സഹായഹസ്തവുമായി എത്തിയ എല്ലാവര്‍ക്കും തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ അകമഴിഞ്ഞ നന്ദി അറിയിച്ചു