തദ്ദേശ തിരഞ്ഞെടുപ്പ്: മീഡിയാ പാസിന് അപേക്ഷ നൽകാം

post

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ കവർ ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അഥോറിറ്റി ലെറ്റർ (മീഡിയാ പാസ്) ലഭിക്കുന്നതിന് പിആർഡി മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. വോട്ടെടുപ്പ് ദിവസത്തിനും വോട്ടെണ്ണൽ ദിവസത്തിനും പാസുകൾ വ്യത്യസ്തമാണ്.

അഥോറിറ്റി ലെറ്റർ അനുവദിക്കാൻ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ഇതോടൊപ്പമുള്ള അപേക്ഷാ ഫോം തയ്യാറാക്കി സ്ഥാപനത്തിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള കത്ത് (ബ്യൂറോ ചീഫ്/ന്യൂസ് എഡിറ്റർ) സഹിതം 2025 ഡിസംബർ ഒന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കുക. വോട്ടെടുപ്പ്, വോട്ടെണ്ണൽ പാസുകൾ രണ്ടും ആവശ്യമെങ്കിൽ ആകെ മൂന്ന് ഫോട്ടോ വേണം.

* അഥോറിറ്റി ലെറ്റർ അനുവദിക്കേണ്ട മാധ്യമ പ്രവർത്തകന്റെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര്, മൊബൈൽ നമ്പർ, അക്രഡിറ്റേഷൻ നമ്പർ, ആധാർ നമ്പർ, മേൽവിലാസം എന്നീ വിവരങ്ങളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഉൾപ്പെടുത്തിയാകണം പട്ടിക തയ്യാറാക്കേണ്ടത്. അക്രഡിറ്റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പി വേണം.

അക്രഡിറ്റേഷൻ കാർഡ് ഇല്ലാത്തവർ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പി സഹിതം വേണം അപേക്ഷിക്കാൻ.

* പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ പിൻവശത്ത് പേര് വ്യക്തമായി രേഖപ്പെടുത്തി പട്ടികയിൽ അതാതു വ്യക്തികളുടെ പേരിനു നേർക്ക് സ്റ്റേപ്പിൾ ചെയ്യണം.

* വോട്ടെണ്ണലിനും വോട്ടെടുപ്പിനും പ്രത്യേകം പട്ടിക വേണം.

* പോളിംഗിനും വോട്ടെണ്ണലിനും പാസ് വേണ്ടവർ മൂന്ന് ഫോട്ടോ നൽകേണ്ടി വരും.

* പട്ടികയും ഫോട്ടോയും മാധ്യമ സ്ഥാപനത്തിന്റെ കവറിംഗ് ലെറ്റർ സഹിതം ഒന്നിച്ച് ലഭ്യമാക്കാൻ താൽപര്യം.

പോളിംഗ്, കൗണ്ടിംഗ് മീഡിയാ പാസിനുള്ള ഫോർമാറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തന മാർഗനിർദേശങ്ങൾ

1. വോട്ടെടുപ്പ് ദിവസം മാധ്യമപ്രവർത്തകർ പോളിംഗ് സ്റ്റേഷനുള്ളിൽ പ്രവേശിക്കാനോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനിൽ എത്തുന്ന സമ്മതിദായകർക്കോ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കോ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും, ഇന്റർവ്യൂകളും സംഘടിപ്പിക്കാനോ പാടില്ല.

2. സമ്മതിദായകാവകാശം അതീവ രഹസ്യ സ്വഭാവത്തോടെ ഉള്ളതായതിനാൽ അത് വിനിയോഗിക്കുന്ന സമയം അതിന്റെ രഹസ്യാത്മകതയെ ഹനിക്കുന്ന തരത്തിൽ സമ്മതിദായകന്റെ ഫോട്ടോയോ വീഡിയോയോ എടുക്കാൻ പാടുള്ളതല്ല.

3. വോട്ടെടുപ്പ് ദിവസം പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷന് 200 മീറ്റർ (മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 100 മീറ്റർ) ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിധിക്കുള്ളിൽ സ്ഥാനാർഥികളോടും മറ്റു വോട്ടർമാരോടുമുള്ള അഭിപ്രായം തേടൽ, ഇൻറർവ്യൂ, രാഷ്ട്രീയ ചർച്ചകൾ, എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ എന്നിവ നടത്താൻ പാടില്ല.

4. പോളിംഗ് സ്റ്റേഷന് സമീപം കൂട്ടം കൂടി ആളുകൾ നിൽക്കാനിടവരുന്ന തരത്തിലുള്ള യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ല.

5. വോട്ടെണ്ണൽ ദിവസം വോട്ടെണ്ണലിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പ്രവേശനാനുമതിയില്ല. വോട്ടെണ്ണലിന്റെ ദൃശ്യം പകർത്താനോ വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപം സ്ഥാനാർഥികളുടെ ഇൻറർവ്യൂ നടത്താനോ വോട്ടെണ്ണലിന് തടസ്സം ഉണ്ടാകുന്ന തരത്തിൽ കൂട്ടം കൂടി നിൽക്കാനോ പാടില്ല.