കേരളത്തിന്റെ പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

post

രാജ്യാന്തര-ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. 54 രാജ്യങ്ങളിൽ നിന്നായി 335 ചിത്രങ്ങളുടെ പ്രദർശനമാണ് മേളയിലുള്ളത്. സമകാലിക ലോകജീവിതത്തിന്റെ നേർക്കാഴ്ചകളായ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ, മ്യൂസിക് വീഡിയോകൾ തുടങ്ങിയവയെല്ലാമായി ആറു ദിവസം നീണ്ടു നില്ക്കുന്ന മേള കേരളത്തിന്റെ സവിശേഷമായ ചലച്ചിത്ര സംസ്‌കാരത്തിന്റെ അടയാളമാണ്. ആറുദിവസത്തെ മേള മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ജനങ്ങളുടെ സഹനവും പോരാട്ടവും അതിജീവനവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. പാലസ്തീൻ ജനതയുടെ ചെറുത്തുനില്പിന്റെ നാലു ചിത്രങ്ങൾ ഈ മേളയിലുണ്ട്. റൗൾ പെക്ക് സംവിധാനം ചെയ്ത ഏണസ്റ്റ് കോൾ; ലോസ്റ്റ് ആൻഡ് ഫൗണ്ട് ആണ് ഉദ്ഘാടന ചിത്രം. ചലച്ചിത്ര അക്കാദമിയുടെ 16-ാംമത് മേളയാണിത്.

നാലുപതിറ്റാണ്ടിലേറെയായി വന്യജീവികളുടെ ജീവിതം പകർത്തുന്ന ബേഡി ബ്രദേഴ്‌സിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. രാജ്യത്ത് കേരളമാണ് ഇത്തരമൊരു രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ ചലച്ചിത്ര കാരന്മാരുടെ മികച്ച സൃഷ്ടികൾ കാണുന്നതിനും അവരുമായി മുഖാമുഖങ്ങൾ നടത്തുന്നതിനും അവസരമൊരുക്കുന്നു. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ശനിയാഴ്ച മുതൽ 31 വരെയാണ് പ്രദർശനം.