ആന്തൂർ നഗരസഭയിൽ അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ആന്തൂർ നഗരസഭയിലെ 29 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ അറിയിച്ചു. 02 മൊറാഴ, 13 കോടല്ലൂർ, 18 തളിയിൽ, 19 പൊടിക്കുണ്ട്, 26 അഞ്ചാംപീടിക എന്നീ വാർഡുകളിലെ സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നവംബർ 21 വരെ എല്ലാ വാർഡുകളിലേക്കും നാമനിർദേശം ലഭിച്ചിരുന്നു.
വാർഡ് 02 മൊറാഴയിൽ രണ്ട് നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സിപിഐ (എം) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി ഇന്ദിര പത്രിക പിൻവലിച്ചതിനാൽ സിപിഐ (എം) സ്ഥാനാർഥി കെ രജിത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വാർഡ് 13 കോടല്ലൂരിൽ മൂന്ന് പത്രികകളാണ് ലഭിച്ചത്. നാമനിർദേശകൻ പത്രികയിൽ ഒപ്പുവെച്ചില്ലെന്ന് രേഖാമൂലവും നേരിട്ടും ഹാജരായി മൊഴി നൽകിയതിനാൽ ഐയുഎംഎൽ സ്ഥാനാർഥി ഷമീമ വികെയുടെ നാമനിർദേശപത്രിക തള്ളി. സിപിഐ (എം) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി സന്ധ്യ പത്രിക പിൻവലിച്ചതിനാൽ സിപിഐ (എം) സ്ഥാനാർഥി രജിത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വാർഡ് 18 തളിയിലിൽ മൂന്ന് പത്രികകളാണ് ലഭിച്ചത്. നാമനിർദേശകൻ പത്രികയിൽ ഒപ്പുവെച്ചില്ലെന്ന് രേഖാമൂലവും നേരിട്ടും ഹാജരായി മൊഴി നൽകിയതിനാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥി വിമൽ കെ മനോജിന്റെ നാമനിർദേശപത്രിക തള്ളി. സിപിഐ (എം) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി കെ പ്രേമരാജൻ പത്രിക പിൻവലിച്ചതിനാൽ സിപിഐ (എം) സ്ഥാനാർഥി കെ വി പ്രേമരാജൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വാർഡ് 19 പൊടിക്കുണ്ടിൽ രണ്ട് പത്രികകളാണ് ലഭിച്ചത്. സിപിഐ (എം) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി ജൂനസ് കെപി പത്രിക പിൻവലിച്ചതിനാൽ സിപിഐ (എം) സ്ഥാനാർഥി കെ പ്രേമരാജൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വാർഡ് 26 അഞ്ചാംപീടികയിൽ മൂന്ന് പത്രികകളാണ് ലഭിച്ചത്. സിപിഐ (എം) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി ലതാകുമാരി പി, ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ ലിവ്യ എന്നിവർ പത്രിക പിൻവലിച്ചതിനാൽ സിപിഐ (എം) സ്ഥാനാർഥി ധന്യ ടിവി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.










