കോവിഡ് 19: രോഗപ്രതിരോധ നേട്ടത്തിനു പിന്നില്‍ കൂട്ടായ പ്രവര്‍ത്തനം-മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : കോവിഡ് 19 രോഗബാധിതരായി തൃശൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേരും രോഗമുക്തരായത് ഉള്‍പ്പെടെ രോഗപ്രതിരോധത്തില്‍ കൈവരിച്ച നേട്ടം സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തില്‍ പുതിയൊരു മാതൃക സൃഷ്ടിച്ച ജില്ലയാണ് തൃശൂര്‍. രാജ്യത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയിലാണ്. ചൈനിയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 9 ന് ഈ രോഗി രോഗവിമുക്തയായി.

രണ്ടാംഘട്ടത്തില്‍ കോവിഡ് വ്യാപിക്കുകയും രോഗത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തശേഷം രോഗവ്യാപനം അതിവേഗം ചെറുത്ത് സാധാരണ നില കൈവരിച്ച ജില്ലയായി തൃശൂര്‍ മാറി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ കോവിഡ് വിമുക്ത ജില്ല എന്ന നിലയിലേക്ക് തൃശൂര്‍ മാറുകയാണ്. പഴുതടച്ച് നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിവേഗം രോഗവിമുക്തി നേടുന്ന ജില്ല എന്ന നിലയിലേക്ക് തൃശൂരിന് മാറാന്‍ കഴിഞ്ഞത്-മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

രാജ്യത്തെ ആദ്യ കോവിഡ് പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് സുശക്തമായ രോഗപ്രതിരോധ സംവിധാനം ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. രോഗം സ്ഥിരീകരിച്ചവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇതുവരെ 13 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ വിദേശത്ത് നിന്ന് എത്തിയ 7 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേരും ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ ഇവിടെ രോഗം പകര്‍ന്നത് 4 പേര്‍ക്ക് മാത്രമാണ്. രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഏറ്റവുമധികം പേരെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കിയത് തൃശൂര്‍ ജില്ലയിലാണ്. 22000 ഓളം പേര്‍ വരെ ഒരു ഘട്ടത്തില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു.

രോഗവ്യാപനം നേരിടുന്നതിനായി എ, ബി, സി പ്ലാന്‍ തയ്യാറാക്കിയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് പോയത്. പ്ലാന്‍ എ അനുസരിച്ച് ജില്ലയിലാകെ 200 ഐസലേഷന്‍ മുറികള്‍ സജ്ജമാക്കി. എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളുമുളള ഐസലേഷന്‍ മുറികളാണ് ഇപ്രകാരം ഒരുക്കിയത്. ബി പ്ലാന്‍ അനുസരിച്ച് 250 ഐസലേഷന്‍ ബെഡുകളും സി പ്ലാന്‍ അനുസരിച്ച് 4000 ബെഡുകളും തയ്യാറാക്കി. ഇതിനുപുറമേ കോവിഡ് കെയര്‍ സെന്ററുകളും ഒരുക്കി. ഓഡിറ്റോറിയങ്ങള്‍, കോളേജുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആണ് കെയര്‍ സെന്ററുകളാക്കി മാറ്റിയത്. ലോക്ക് ഡൗണിനുശേഷം പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ അവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിന് കെയര്‍ സെന്ററുകള്‍ സജ്ജമാണ്. കോവിഡ് രോഗികളെ ചികിത്സിച്ച ഐസലേഷന്‍ വാര്‍ഡുകളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. 24 മണിക്കൂറും ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയതിന് പുറമേ ഭക്ഷണം, ടോയ്ലറ്റ് കിറ്റുകള്‍, അഡ്മിറ്റ് / ഡിസ്ചാര്‍ജ്ജ് സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് എന്നിവയും ഏര്‍പ്പെടുത്തി.

സമ്പര്‍ക്കം മൂലം രോഗം പകരുന്നത് തടയാന്‍ അതിവിപുലമായ പ്രതിരോധ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഭക്ഷണം എത്തിച്ചു നല്‍കി. കുടിവെളളം, വൈദ്യുതി, പത്രം, പാല്‍ എന്നിവയും നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ലഭ്യമാക്കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ ടീം രൂപീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. വാര്‍ഡ് തലത്തില്‍ വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 1600 സാനിറ്റൈസര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രങ്ങളായി തദ്ദേശസ്ഥാപനങ്ങള്‍ മാറി. പല പഞ്ചായത്തുകളും ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കി. പക്ഷി മൃഗാദികള്‍ക്ക് ഭക്ഷണം നല്‍കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അതിഥി തൊഴിലാളികള്‍, സ്വയം ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍, തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ തുടങ്ങിയവര്‍ക്കായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംരക്ഷണമൊരുക്കി. തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ക്കായി 32 ഷെല്‍ട്ടറുകള്‍ ഒരുക്കി. ഇവിടങ്ങളില്‍ 1354 അന്തേവാസികള്‍ക്കാണ് താമസ-ഭക്ഷണ സൗകര്യം ഒരുക്കിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സമൂഹ അടുക്കളകള്‍ സ്ഥാപിച്ചു. ജില്ലയില്‍ 102 സമൂഹ അടുക്കളകളും 19 ജനകീയ ഹോട്ടലുകളുമാണ് ലോക്ക് ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കുന്നത്. സമൂഹ അടുക്കളകള്‍ വഴി നാളിതുവരെ 346332 ഭക്ഷണപൊതികള്‍ നല്‍കി. ഇതില്‍ 283339 ഭക്ഷണപൊതികളും സൗജന്യമായാണ് നല്‍കിയത്. കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റികള്‍ എന്നിവടങ്ങളില്‍ 99507 ഭക്ഷണപൊതികളും ഗ്രാമപ്രദേശങ്ങളില്‍ 183832 ഭക്ഷണപൊതികളും സൗജന്യമായി വിതരണം ചെയ്തു.

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ 1042 ലേബര്‍ ക്യാമ്പുകളിലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ 30000 ഓളം അതിഥി തൊഴിലാളികള്‍ക്ക് 2 ഘട്ടങ്ങളിലായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ 12000 കിറ്റുകളും രണ്ടാം ഘട്ടത്തില്‍ 25000 കിറ്റുകളുമാണ് ലഭ്യമാക്കിയത്. ഡീസല്‍, പാചക സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. സന്നദ്ധസംഘടനകള്‍ മുഖേന 5 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇതിനു പുറമേ നല്‍കി. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ അതിഥി തൊഴിലാളികളേയും സക്രീന്‍ ചെയ്തു. കൊതുക് നശീകരണത്തിന് സംവിധാനമൊരുക്കി. തദ്ദേശസ്ഥാപനങ്ങള്‍, അഗ്‌നിശമനസേനവിഭാഗം, ആരോഗ്യ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ലേബര്‍ ക്യാമ്പുകളും അണുവിമുക്തമാക്കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗജന്യ റേഷന്‍ ലഭ്യമാക്കി. ജില്ലയിലെ 8.37 ലക്ഷം കാര്‍ഡുമടകളില്‍ 812079 പേരും ഇതിനകം റേഷന്‍ കൈപ്പറ്റി. ആകെ ഗുണഭോക്താക്കളുടെ 97.02 % ആണിത്. ഇതിന് പുറമേ 17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം നടന്നുവരികയാണ്. എഎവൈ കാര്‍ഡുടമകള്‍ക്കുളള സൗജന്യകിറ്റ് 52667 കുടുംബങ്ങളില്‍ 50876 കുടുംബങ്ങളും (96.6 %) ഇതിനകം കൈപ്പറ്റി. അഗതി, അനാഥ മന്ദിരങ്ങളിലെ വെല്‍ഫയര്‍ പെര്‍മിറ്റുകള്‍ക്ക് ഓരോ അംഗത്തിനും 15 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്തു. പെര്‍മിറ്റ് ഇല്ലാത്ത അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരംഗത്തിന് 5 കിലോ അരിയും 4 അംഗത്തിന് ഒരു കിറ്റും വിതരണം ചെയ്യുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ കിറ്റും ഇതിനകം ലഭ്യമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിന് മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 17 വരെ 1247 പരിശോധനകള്‍ നടത്തി. 283 ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

ഇപ്രകാരം എല്ലാ മേഖലകളേയും യോജിപ്പിച്ച് നടത്തിയ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് തൃശൂരിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഓറഞ്ച് ബി വിഭാഗത്തിലാണ് തൃശൂര്‍ ജില്ല ഉള്‍പ്പെടുന്നത്. ജില്ലയ്ക്ക് ബാധകമായ ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി വിവിധ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനു കീഴില്‍ 59 ഉം ബില്‍ഡിംഗ്സ് വിഭാഗത്തിനു കീഴില്‍ 50 ഉം പ്രവൃത്തികളാണ് പുനരാരംഭിക്കാനുളളത്. മൈനര്‍ ഇറിഗേഷന്‍ 83, ഇറിഗേഷന്‍ 19, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ ഡിവിഷന്‍ 13, കെഎല്‍ഡിസി 19, വാട്ടര്‍ അതോറിറ്റി 57, അഡീഷണല്‍ ഇറിഗേഷന്‍ 11, തൃശൂര്‍ നഗരസഭ 45 എന്നിങ്ങനെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതോടൊപ്പം കുതിരാന്‍ തുരങ്കം, പവര്‍ ഗ്രിഡ് കേബിള്‍ സ്ഥാപിക്കല്‍, കിഫ്ബി നിര്‍മ്മാണ പ്രവൃത്തികള്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, നടത്തന ബനാന ആന്‍ഡ് ഹണി പാര്‍ക്ക് തുടങ്ങിയ ദേശീയ പ്രാധന്യമുളള പദ്ധതികളുടെയും നിര്‍മ്മാണം പുനരാരംഭിക്കേണ്ടതുണ്ട്. ഇതിന് അനുമതി നല്‍കണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇളവുകളോടെ സ്വകാര്യ നിര്‍മ്മാതാക്കളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും. ഇതിനായി തൊഴിലുടമയ്ക്ക് പാസ് അനുവദിക്കും. രണ്ടാഴ്ചത്തേക്കുളള ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം ചിട്ടപ്പെടുത്തണം. ജില്ലയില്‍ നിന്ന് തന്നെയുളള തൊഴിലാളികളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. സിമന്റ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിന് പാസ് അനുവദിക്കും. മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവര്‍ക്ക് ഇ-പാസ് അനുവദിക്കും. ഒരു തവണ ഇ-പാസ് ഉപയോഗിച്ച് വരുന്നവര്‍ പിന്നീട് ഇവിടെ തുടരണം. അസംസ്‌കൃത വസ്തുക്കളും നിര്‍മ്മാണ സാമഗ്രികളും ലഭിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കും. തൊഴിലാളികള്‍ മാസ്‌ക് ധരിക്കണം. കൈകഴുകുന്നതിന് തൊഴില്‍ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണം. നിര്‍മ്മാണ സ്ഥലത്തോട് ചേര്‍ന്ന് താമസിക്കാത്ത തൊഴിലാളികള്‍ക്കായി പ്രത്യേക ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യം ഒരുക്കണം. സാമൂഹിക അകലം പാലിച്ച് മാത്രമേ തൊഴിലാളികളെ കൊണ്ടുവരാവൂ. മസ്റ്ററിംഗ് സമയത്ത് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് തൊഴിലാളികളുടെ താപനില പരിശോധിക്കണം. പനി ഉളളവരെ ജോലിക്ക് നിയോഗിക്കരുത്. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും തൊഴിലിടങ്ങളില്‍ തുപ്പുന്നതും നിരോധിക്കണം. തൊഴിലാളി-തൊഴിലുടമ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ദ്ദേശാനുസരണമാണോ എന്ന് പരിശോധിക്കുന്നതിനും ജില്ലാതലത്തില്‍ കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

ഇളവുകളോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാവൂ. വ്യവസായ യൂണിറ്റുകളിളെ തൊഴിലിടങ്ങള്‍ അണുവിമുക്തമാക്കണം. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ പ്രത്യേക ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് ഇറങ്ങുന്നതിനും ഓരോ വഴി ഏര്‍പ്പെടുത്തണം. മാസ്‌ക്/ഗ്ലൗസ് ധരിക്കണം. തെര്‍മല്‍ സ്‌കാനിംഗ് നടത്തണം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണം. പത്തില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരുന്നത് നിരുത്സാഹപ്പെടുത്തണം. ഗുഡ്ക/പുകയില എന്നിവ നിരോധിക്കണം.

തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിബന്ധനകള്‍ ബാധകമാണ്.

1) സാമൂഹിക അകലം പാലിക്കണം. 2) മാസ്‌ക് ധരിക്കണം. 3) പ്രായമുളളവര്‍, വികലാംഗര്‍ എന്നിവരെ പ്രത്യേക ശ്രദ്ധിക്കണം. 4) നിരീക്ഷണത്തിലുളളവര്‍ ജോലിക്ക് വരരുത്. 5) ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. 6) പണിയായുധങ്ങള്‍ പരസ്പരം കൈമാറരുത്.

മെയ് 3 വരെ ലോക്ക് ഡൗണ്‍ തുടരുകയാണെന്നും അതിന് മുമ്പ് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍ നടപ്പാക്കുകയെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍, ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.