തദ്ദേശ തെരഞ്ഞെടുപ്പ്: ഫ്‌ളക്‌സ് പ്രിന്റിംഗിന് അനുവദനീയമായത് പോളി എത്തിലിന്‍ മാത്രം
തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ ആവശ്യങ്ങള്‍ക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്ന ഏക മെറ്റീരിയല്‍ പോളി എത്തിലിന്‍ മാത്രമാണെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ കണ്ണൂർ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിന് പുറമെ കടലാസ് / 100 ശതമാനം കോട്ടണ്‍ തുണി എന്നിവയും ഉപയോഗിക്കാം. ക്ലോത്ത് എന്ന പേരില്‍ അനുമതിയില്ലാത്ത മെറ്റീരിയലുകള്‍ ചില പ്രിന്റിംഗ് യൂണിറ്റുകളില്‍ ഉപയോഗിക്കുന്നുണ്ട്. പോളി കോട്ടണ്‍ മെറ്റീരിയലിന് ഇതുവരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. പ്രസ്തുത മെറ്റീരിയല്‍ ഉപയോഗിച്ച് കൊണ്ട് പോളി എത്തിലിന് അനുവദിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ ക്യൂ.ആര്‍ കോഡ് പതിച്ച് ബോര്‍ഡുകള്‍ തയ്യാറാക്കുന്നത് പ്രിന്റിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് വരെ റദ്ദ് ചെയ്യാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.










