തദ്ദേശ തിരഞ്ഞെടുപ്പ് : വരണാധികാരികളുടെ യോഗം ചേർന്നു
കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയിൽ വരണാധികാരികളുടെ യോഗം ചേർന്നു.
പരാതിരഹിത തിരഞ്ഞെടുപ്പ്പ്രക്രിയ ഉറപ്പാക്കാന്‍ വരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു .നവംബര്‍ 14 നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും നോട്ടീസും വരണാധികാരികള്‍ അവരവരുടെ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
നാമനിര്‍ദേശ പട്ടിക സ്വീകരിക്കുന്ന സമയം, അവസാന തീയതി എന്നിവ നോട്ടീസില്‍ വ്യക്തമാക്കണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും അനുസൃതമായ നാമനിര്‍ദ്ദേശപത്രികകളാണ് സ്വീകരിക്കേണ്ടത്. നിയമപരമായ കാരണങ്ങളാല്‍ നോമിനേഷന്‍ പത്രിക നിരാകരിച്ചാല്‍ കൃത്യമായിരേഖപ്പെടുത്തി സ്ഥാനാര്‍ഥിക്ക് തിരികെ നല്‍കുകയും പകര്‍പ്പ് സൂക്ഷിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വേണ്ട രേഖകളുടെയും ചെക്ക് ലിസ്റ്റ് തയ്യാറാക്കണം. തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതവും കൃത്യവുമാണെന്ന് ഉറപ്പാക്കണം.
തെരഞ്ഞെടുപ്പ് സാമഗ്രികളും ഫോമുകള്‍, കവറുകള്‍ എന്നിവയും പോളിങ് സ്റ്റേഷനില്‍ ആവശ്യത്തിന് ഉണ്ടോയെന്നു ഉറപ്പുവരുത്തണം. പോളിങ് ബൂത്തുകള്‍ ക്രമീകരിച്ച കെട്ടിടങ്ങളിലെ സൗകര്യങ്ങളും കുറ്റമറ്റതാക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പതിപ്പിക്കുന്ന പ്രക്രിയയില്‍ സാങ്കേതിക തടസ്സം ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെടണം.
പോളിംഗ് ഓഫീസര്‍മാരുടെ പരിശീലനം നിശ്ചിത തീയതിമുതല്‍ ആരംഭിക്കും. വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും നല്‍കും. വോട്ടെണ്ണല്‍വരെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കാന്‍ 11 സ്‌ട്രോങ്ങ് റൂം കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. വരണാധികാരികള്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ ഹരിത ചട്ടം പോളിങ് സ്റ്റേഷനുകളില്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, എ ഡി എം ജി നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് വരണാധികാരികള്‍, സൂപ്രണ്ട് കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.










