ചെറുകുന്നില്‍ ഡ്രൈ ഫിഷ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

post

ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ താവത്ത് ആരംഭിച്ച സമുദ്ര ആക്റ്റിവിറ്റി ഗ്രൂപ്പ് ഡ്രൈ ഫിഷ് യൂണിറ്റിന്റെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യത്തൊഴിലാളി കൂടുംബത്തിലെ സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) ന്റെ ഭാഗമായാണ് 2.5 ലക്ഷം രൂപ ചെലവില്‍ ഗ്രൂപ്പ് ഡ്രൈ ഫിഷ് യൂണിറ്റ് ആരംഭിച്ചത്.

മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളുടെ ഉന്നമനത്തിലൂടെ കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനം എന്നതാണ് സാഫിന്റെ ലക്ഷ്യം. സ്വയം തൊഴില്‍ മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നതിനോടൊപ്പം ബിസിനസ് അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങളും സാഫിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. 

ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.