വെട്ടിക്കവല ബ്ലോക്കിന് അക്ഷര കൈരളി പുരസ്‌കാരം
പ്രഥമ അക്ഷര കൈരളി പുരസ്‌കാരം കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്. വായനശീലം വളര്‍ത്തുന്നതിന് മികച്ച പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് അക്ഷര കൈരളി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച അക്ഷര മുന്നേറ്റം പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ പദ്ധതിയിലൂടെ ഗ്രന്ഥശാലകള്‍ക്കായി ഒരുകോടി 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചു. അക്ഷര മുന്നേറ്റം പദ്ധതിക്കായി 2024-2025 സാമ്പത്തിക വര്‍ഷം 12 ലക്ഷം രൂപ ചെലവഴിച്ച് ലാപ്‌ടോപ്പ്, ഫര്‍ണിച്ചര്‍ എന്നിവ ഗ്രന്ഥശാലകള്‍ക്ക് വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രന്ഥശാലകളിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. വായനാസമൂഹം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ചാണ് ഗ്രന്ഥശാലകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയതെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കി.










