തൃക്കോവില്‍വട്ടം പുതിയ മൈതാനം ഉദ്ഘാടനം ചെയ്തു

post

പഠനത്തോടൊപ്പം കായികാഭിരുചികള്‍ക്കും പ്രാധാന്യം നല്‍കണം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍

പഠനത്തോടൊപ്പം കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ കുരീപ്പള്ളിയിലുള്ള പുതിയ മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക സംസ്‌കാരത്തിന് പ്രോത്സാഹനം നല്‍കുന്നതിലൂടെ ലഹരിമുക്തവും ആരോഗ്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൈതാനത്തിന്റെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പ്രദേശത്തെ കായിക അധ്യാപകരുടെ സഹായത്തോടെ പഞ്ചായത്ത് രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് കുരീപള്ളിയിലുള്ള 50 സെന്റ് സ്ഥലത്ത് കളിക്കളം നിര്‍മിച്ചത്. പഞ്ചായത്തിനാണ് മേല്‍നോട്ട ചുമതല.


പി.സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു, വൈസ് പ്രസിഡന്റ് ശിവകുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ, എ.ഷാനിബ, സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബിനുജോണ്‍, സജാദ് സലിം, എസ്.സിന്ധു, സെക്രട്ടറി ജോണ്‍ ഡെസ്മണ്‍, സെന്റ് ജൂഡ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.