ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു
കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍
ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിർവഹിച്ചു. കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് സ്പീക്കർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎന്‍വി പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.

ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബഹുമുഖ വികസന നേട്ടങ്ങള്‍ കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ മൂവായിരത്തോളം ജനക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ജില്ലയിലെ 160 ഓളം സ്‌കൂളുകളില്‍ ആധുനിക ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. കുരിയോട്ടുമല ഫാമില്‍ നിന്ന് പാല്‍ ഉല്‍പനങ്ങള്‍ വിപണിയിലെത്തിച്ചു. കാര്‍ഷിക മേഖലയില്‍ 'കതിര്‍മണി' ബ്രാന്‍ഡഡ് അരി അവതരിപ്പിച്ചു. ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. നിര്‍മിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. കാലാവസ്ഥ വ്യതിയാനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠന-ഗവേഷണങ്ങള്‍ ത്രിതല പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ അനില്‍കുമാര്‍, അനില്‍ എസ് കല്ലേലിഭാഗം, സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










