നത്തുകല്ല് - അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു
വൻകിട വികസന പദ്ധതികളിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നു : മന്ത്രി മുഹമ്മദ് റിയാസ്
നത്തുകല്ല് അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നുവെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ ദേശീയപാത വികസനം, മലയോര ഹൈവേ, കിഫ്‌ബി പദ്ധതികൾ തുടങ്ങി പശ്ചാത്തല വികസന മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇടുക്കിയുടെ ടൂറിസം രംഗത്തും കാർഷിക രംഗത്തും നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ സാധ്യമാക്കി. വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു.
മേലേചിന്നാറിന്റെ മനസ് തുറന്ന നിമിഷമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ ഓരോ പ്രശ്നവും പരിഹരിക്കപ്പെടുകയാണെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ നിർമാണോദ്ഘാടനത്തിന്റെ ശിലാഫലക അനാഛാദനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
എം. എം മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കെ ആർ എഫ് ബി - പി എം യു പ്രോജക്ട് ഡയറക്ടർ അശോക് കുമാർ. എം റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടുക്കി, ഉടുമ്പൻചോല, ദേവികുളം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് നത്തുകല്ല്- അടിമാലി. കിഫ്ബി വഴി അനുവദിച്ച 55 കോടി ആറ് ലക്ഷം രൂപ ചെലവഴിച്ച് 26. 246 കിലോമീറ്റർ ബിഎം ബിസി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ കട്ടപ്പനയേയും അടിമാലിയേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. കൂടാതെ, ടൂറിസം കേന്ദ്രങ്ങളായ മൂന്നാറിലേക്കും തേക്കടിയിലേക്കും കുറഞ്ഞ ദൂരത്തിൽ ഈ റോഡ് വഴി എത്തിച്ചേരാനാകും.
മേലേചിന്നാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, പിഡബ്ല്യുഡി ജീവനക്കാർ, വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










