ചെറുവാഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
                                                കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാട്യം ചെറുവാഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്നകുമാരി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ഷീല, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന എന്നിവർ വിശിഷ്ടാതിഥികളായി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഷെറീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ശാന്ത, ജില്ല പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ഡിഎംഒ (ആരോഗ്യം) ഡോ. പീയൂഷ് എം, പാട്യം, സമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവ് ടി എസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധന മുറികൾ, രോഗി നിരീക്ഷണ മുറി, മൈനർ ഓപറേഷൻ തിയേറ്റർ മുതലായവ സജ്ജമാക്കി വരികയാണ്. ഈ കെട്ടിടം സജ്ജമാക്കുന്നതിന് വേണ്ടി എൻഎച്ച്എം ആർ.ഒപി ഫണ്ടിൽ നിന്നും 2.96 കോടി രൂപയും ആർദ്രം മിഷൻ സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 37.5 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. വാപ്കോസ്, എച്ച്എൽഎൽ എന്നിവരാണ് നിർവഹണ ഏജൻസികൾ.










