മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി

post

ഭാഷാപിറവി മുതല്‍  മലയാള സാഹിത്യത്തിന്റെ നാള്‍വഴികളിലേക്ക്  ഗഹനമായ ചര്‍ച്ചകളുമായി ഭാഷാ വാരാഘോഷത്തിന് കൊല്ലം ജില്ലയില്‍ തുടക്കം. ഉദ്യോഗസ്ഥ ഭാഷയ്ക്ക് മലയാളത്തിന്റെ പൂര്‍ണത നല്‍കുന്നതിനായി  സംസ്ഥാന സര്‍ക്കാര്‍ മലയാള ദിനമായി ആചരിക്കുന്നതിന്റെ  ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചതോടെയാണ്  പരിപാടികള്‍ക്ക് തുടക്കമായത്.

 ഭാഷാധ്യാപകനും എഴുത്തുകാരനും ചലച്ചിത്ര ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് ഗാന ശകലങ്ങളിലൂടെയും ഭാഷയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള അറിവ് പങ്കിട്ടും  മുഖ്യപ്രഭാഷകനായി പങ്കെടുത്തു. തുടര്‍ന്ന് മലയാള ഭാഷ പ്രശ്‌നോത്തരിയും നയിച്ചു. മത്സരവിജയികള്‍ക്ക് മൂല്യവത്തായ സാഹിത്യകൃതികള്‍ സമ്മാനിച്ചു.

ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാകേഷ് കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ ബീന റാണി മലയാളഭാഷ പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി കലക്ടര്‍ എഫ് റോയ്കുമാര്‍, എച്ച്. എസ് റാം ബിനോയ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരിയില്‍ റവന്യൂ വകുപ്പിലെ ജീവനക്കാരായ യു. ഡി ടൈപ്പിസ്റ്റ് എ ഷിബു  ഒന്നാം സ്ഥാനവും ക്ലര്‍ക്ക് വി സരിത രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ക്ലര്‍ക്ക് കെ ചന്ദ്രബാബു, ക്ലര്‍ക്ക് എം സി മണിരാജ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.