കായികപരിശീലന പദ്ധതി കുടുംബ സംഗമം സംഘടിപ്പിച്ചു
വയനാട് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ യുവത കായിക പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനാർത്ഥികളുടെ കുടുംബ സംഗമം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു.
2018 മുതൽ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ, നെൻമേനി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ്ഗക്കാരായ 120 പേർക്ക് ഫുട്ബോൾ പരിശീലനം നൽകിവരുന്നു. നിരവധി പരിശീലനാർത്ഥികൾ ജില്ലാ, സംസ്ഥാന ടൂർണമെൻറുകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കുട്ടികളിൽ കായിക അഭിരുചി വളർത്തി, ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസർ മുഖേനയാണ് പദ്ധതി നിർവഹണം. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെ സെലക്ഷൻ ട്രയലുകൾ മുഖേനയാണ് തെരഞ്ഞെടുക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ തുടർച്ചക്കായി 13.99 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തി. നിലവിൽ 101 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കൂടുതൽ കുട്ടികളെ തെരഞ്ഞടുക്കുന്നതിനുള്ള സെലക്ഷൻ ട്രയലുകൾ ഉടൻ നടത്തും. ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള കായിക വിനോദങ്ങളിൽ ദൈനംദിന പരിശീലനം, കോച്ചിംഗ് ക്യാമ്പുകൾ, മത്സരങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സുൽത്താൻ ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലത ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എടക്കൽ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എഎം ബിജേഷ്, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.










