തുടി: ജീവതമാണ് ലഹരി ബോധവത്കരണ ക്യാമ്പയിൻ വിപുലീകരിച്ചു
'തുടി: ജീവിതമാണ് ലഹരിയെന്ന' തലക്കെട്ടിൽ വയനാട് പൂതാടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന തുടി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ വിപുലീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂതാടി കുടുംബാരോഗ്യ കേന്ദ്രം ആംരഭിച്ച പരിപാടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കുമാണ് വ്യാപിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശീലവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും യുവതലമുറയെ സമൂഹത്തിന് ഉതകുന്ന വിവിധ സാമൂഹിക സാംസകാരിക കായിക പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ നാടകങ്ങളും നാടൻ കലാരൂപങ്ങളും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രദർശിപ്പിക്കും. സ്‌കൂളുകളിലും പൊതു ഇടങ്ങളിലുമായി 25 സ്ഥലങ്ങളിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുരേന്ദ്രൻ അധ്യക്ഷയായി. ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ കെ.ആർ ദീപ മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി നാട്ടുകൂട്ടം എന്ന സാംസ്‌കാരിക സംഘവും പൂതാടി കുടുംബാരോഗ്യ കേന്ദ്രവും തയ്യറാക്കിയ ജീവിതമാണ് ലഹരി എന്ന ബോധവത്കരണ നാടൻ കലാരൂപം വേദിയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ സണ്ണി, വാർഡ് മെമ്പർമാരായ മേഴ്സി സാബു, ഒ.കെ ലാലു, കെ.ഐ റിയാസ്, മെഡിക്കൽ ഓഫീസർ ഡോ. അപർണ, ഡെപ്യുട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, കേണിച്ചിറ എസ്.ഐ സന്തോഷ്, ആശാ കോർഡിനേറ്റർ സജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, എസ്.ടി പ്രമോട്ടർമാർ, ആശാ പ്രവർത്തകർ, പൊതു ജനങ്ങൾ തുടങ്ങി ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.










