ജില്ലാതല പട്ടയമേള; 98 പേര്‍ക്ക് പട്ടയം കൈമാറി
സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍
സംസ്ഥാന-ജില്ലാതല പട്ടയമേളകളുടെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് മന്ത്രി പറഞ്ഞു. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 4,13,000 പട്ടയങ്ങള്‍ വിതരണംചെയ്തു; അഞ്ചു ലക്ഷമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പട്ടയമിഷന്‍, പട്ടയ അസംബ്ലി, പട്ടയ ഡാഷ്‌ബോര്‍ഡ് എന്നിവയിലൂടെ നിയമകുരുക്കില്‍ അകപ്പെട്ട ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. കോവളത്ത് കടല്‍പുറമ്പോക്ക് ഭൂമിയില്‍ കഴിഞ്ഞിരുന്ന 504 പേര്‍ക്ക് പട്ടയം നല്‍കി.
പട്ടയ ഡാഷ്‌ബോര്‍ഡിലൂടെ 287 ഭൂമിതര്‍ക്ക കേസുകള്‍ക്ക് പരിഹാരം കണ്ടെത്തി. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യംനേടാന്‍ രാജ്യത്താദ്യമായി ഡിജിറ്റല്‍ ഭൂമി സര്‍വേ നടപ്പാക്കി. ഇതുവരെ എട്ടു ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചാല്‍ ഭൂമി രജിസ്‌ട്രേഷന്‍ എന്റെ ഭൂമി പോര്‍ട്ടലിലൂടെമാത്രമേ നടത്താന്‍കഴിയൂ. ക്രയവിക്രയ നടപടികള്‍ സുതാര്യമാവുകയും കൃത്രിമത്തം ഇല്ലാതാകുകയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കണ്‍ക്ലൂസീവ് ടൈറ്റില്‍ (അന്തിമമായ രേഖ) ഉറപ്പാക്കും. ആദ്യപടിയായി സെറ്റില്‍മെന്റ് ആക്ട് പാസാക്കി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ ഇടങ്ങളുടെവിവരങ്ങള്‍ കേന്ദ്രീകൃത ഭൂമിഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും. നവംബര്‍ ഒന്നിന് രാജ്യത്ത് അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംസ്ഥാന രൂപീകരണത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ തര്‍ക്കരഹിത ഭൂമിഇടപാടുകള്‍ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ജില്ലയിലെ 98 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടന്ന പട്ടയ അസംബ്ലികളില്‍ 37 ഭൂമി തര്‍ക്കവിഷയങ്ങള്‍ കണ്ടെത്തുകയും അവ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭാഅംഗീകാരത്തോടെ തീര്‍പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നാല് വര്‍ഷത്തിനിടെ ജില്ലയില്‍ 2500 പട്ടയങ്ങളും തീരദേശത്ത് 500 പട്ടയങ്ങളും നല്‍കിയതായി മന്ത്രി അറിയിച്ചു. എം മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ ബീനാറാണി, എഫ്. റോയ്കുമാര്‍, അനില്‍ ഫിലിപ്പ്, സുരേഷ് ബാബു, രാഗേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.










