വട്ടയാർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം
 
                                                കല്ലാര്‍ വട്ടയാറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. എ. രാജ എംഎല്‍എ നിർവഹിച്ചു. കോവിഡ് കാലത്തും പ്രളയസമയത്തും ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തിയതെന്ന് എം.എൽ.എ പറഞ്ഞു.
ആരോഗ്യ മേഖല ഒട്ടനവധി നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ചിത്തിരപുരം സിഎച്ച്സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മറയൂര്‍ സിഎച്ച്സിക്ക് പുതിയ കെട്ടിടം അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കല്ലാര്‍ വട്ടയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെ 2019 -20-ലാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. 2018 പ്രളയകാലത്ത് ഭാഗികമായി തകര്‍ന്ന ആശുപത്രി കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി എന്‍.എച്ച്.എം 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപ അനുവദിച്ചു. പൊതുജനാരോഗ്യവിഭാഗവും കുത്തിവയ്പ്പ് കേന്ദ്രവും ഉള്‍പ്പെടുത്തി 480- ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിനുള്ള രൂപരേഖ തയ്യാറാക്കുകയും അടങ്കല്‍ തുക 1.10 കോടിയില്‍ നിന്ന് 1.60 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. 5200 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ കെട്ടിടം ഇന്ത്യന്‍ പബ്ലിക്ക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ട് ഒ.പി. മുറി, ഡ്രസ്സിംഗ് ഒ.പി, ഇ.സി.ജി മുറി, മൂന്ന് ബെഡ്ഡുളള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, ഇന്‍ജക്ഷന്‍, നെബുലൈസേഷന്‍, ക്ഷയരോഗപരിശോധന ഉള്‍പ്പെടെയുളള ലാബ്, ഫാര്‍മസി, ഫീഡിംഗ് റൂം, സ്റ്റാഫ് റൂം, രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിനുള്ള റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

കല്ലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദു എസ്. വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.










