അതിദരിദ്രരില്ലാത്ത ജില്ലയായി പത്തനംതിട്ട; 2392 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തരാക്കി

post

പത്തനംതിട്ടയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ലയിലെ 2392 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കി. ജില്ലയിൽ അതിദരിദ്രരില്ലാത്ത തുമ്പമൺ ഗ്രാമപഞ്ചായത്ത് ഒഴികെ 56 തദ്ദേശസ്ഥാപനങ്ങളിലായി 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ആദ്യം കണ്ടെത്തിയത്. ഇവരിൽ മരണപ്പെട്ടവർ, അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ, കണക്കിൽ ഇരട്ടിച്ചവർ എന്നിങ്ങനെ 187 പേരെ ഒഴിവാക്കി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ പൊതുഘടങ്ങളെ അടിസ്ഥാനമാക്കി ഓരോ കുടുബത്തിനും ആവശ്യമായ സേവനം ഉൾപെടുത്തിയാണ് മൈക്രോപ്ലാൻ തയ്യാറാക്കിയത്. 724 കുടുംബങ്ങൾക്ക് ഭക്ഷണം, 924 കുടുംബങ്ങൾക്ക് ആരോഗ്യ സേവനം, 327 കുടുംബങ്ങൾക്ക് പാർപ്പിടം, 91 കുടുംബങ്ങൾക്ക് വരുമാന ഉപാധികൾ എന്നിവ ലഭ്യമാക്കി.

ആരോഗ്യ സേവനം ആവശ്യമുള്ള കുടുംബങ്ങളിൽ 157 കിടപ്പു രോഗികൾക്ക് പരിപാലനവും ആറ് പേർക്ക് ചികത്സ ഉപകരണവും ഉറപ്പാക്കി. അവകാശം അതിവേഗം പദ്ധതിയിലുൾപ്പെടുത്തി 808 കുടുംബങ്ങൾക്ക് വിവിധ അവകാശ രേഖ അനുവദിച്ചു. കുടിവെള്ളം, ടോയ്‌ലറ്റ്, വീട്, വൈദ്യുതീകരണം പൂർത്തിയാക്കി. സേവന ഗുണമേന്മ ഉറപ്പാക്കാൻ ബ്ലോക്ക്-മുനിസിപ്പൽ ടീമുകളുടെയും സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നൂറു ശതമാനം ഗണഭോക്താക്കളെയും നേരിൽ കണ്ടു. ജില്ല ടീമിന്റെ നേതൃത്വത്തിൽ 10 ശതമാനം, സംസ്ഥാനതല ടീമിന്റെ നേതൃത്വത്തിൽ ഒരു ശതമാനവും പരിശോധന നടത്തി. മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാർ നടത്തിയ അവലോകനയോഗം, ജില്ലാ ഭരണകൂടം, ജില്ലാ വികസന സമിതി, ജില്ലാ നോഡൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇടപെടലാണ് പദ്ധതിയെ ലക്ഷ്യത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. എഡിഎം ബി ജ്യോതി അധ്യക്ഷയായി. എംഎൽഎ മാരായ മാത്യൂ ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വീട് നിർമിക്കാൻ സ്വന്തമായി ഭൂമിയില്ലാത്ത 18 പേർക്ക് റവന്യു ഭൂമി കണ്ടെത്തി. റാന്നി താലൂക്കിലെ ഒരു പട്ടികവർഗ ഗുണഭോക്താവിനും അടൂർ താലൂക്കിൽ മൂന്നും കോന്നി താലൂക്കിൽ ഒരാൾക്കും ഭൂമി നൽകി. തിരുവല്ല താലൂക്കിൽ 13 പേർക്ക് കടപ്ര വില്ലേജിൽ ഭൂമി കണ്ടെത്തി സർവേ നടപടി പൂർത്തിയാക്കി. 327 ഗുണഭോക്താക്കളിൽ 259 പേർക്ക് ഭവനം നിർമിച്ചു. 68 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.

അതിദരിദ്ര ഗുണഭോക്താക്കൾക്ക് ചികിത്സ, ശസ്ത്രക്രിയ, ആരോഗ്യസേവനം എന്നിവ ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ധനസഹായം നൽകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അതിദരിദ്രരുടെ വീടുകളിൽ വാതിൽപ്പടി സേവനവും നൽകുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ അതിദരിദ്ര കുടുംബങ്ങളെ സന്ദർശിച്ച് വാതിൽപ്പടിയായി ആരോഗ്യ സ്‌ക്രീനിംഗും സൗജന്യ രക്ത പരിശോധനയും നടത്തുന്നു. വിദഗ്ദ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്നു. ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ, ശാരീരിക മാനസിക വൈകല്യമുള്ളവർക്ക് സാമൂഹിക വകുപ്പിന്റെ സഹായത്തോടെ യുഡിഐഡി കാർഡ്, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് പരിചരണവും ആംബുലൻസ് സൗകര്യവും നൽകുന്നു.