ക്രിയാത്മക നിര്‍ദ്ദേശങ്ങളാല്‍ ശ്രദ്ധേയമായി വിഷന്‍ 2031 പാനല്‍ ചര്‍ച്ചകള്‍
കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഭാവിവികസനത്തിന് വഴിയൊരുക്കാന്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ സംസ്ഥാനതല സെമിനാറില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ഒട്ടേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍. കേരള ടൂറിസത്തിന് നല്കുന്ന ബ്രാന്‍ഡിംഗിന് സമാനമായി മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘മെയ്ഡ് ഇന്‍ കേരള' ലേബലിലൂടെ വിപണനസാധ്യത മെച്ചപ്പെടുത്താനാകും. ‘മാനവ വിഭവശേഷി രൂപപ്പെടുത്തല്‍' വിഷയത്തില്‍ ടെരുമോ പെന്‍പോള്‍ സ്ഥാപനത്തിന്റെ എം.ഡി സി.പത്മകുമാര്‍ ചര്‍ച്ച നയിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ 15 ശതമാനവും നിര്‍മിക്കുന്നത് കേരളത്തിലാണ്. ഐ ടി ഐ കളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട നൂതന പഠന വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. വ്യവസായികമേഖലയിലെ വെല്ലുവിളികള്‍ കൂടുതലായി പഠനവിധേയമാക്കണം. വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച ഗുണനിലവാരത്തിലുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഐടിഐ നടത്തണമെന്നും പറഞ്ഞു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 78 ദശലക്ഷം തൊഴില്‍ ആഗോളതലത്തില്‍ സൃഷ്ടിക്കപെടുമെന്ന് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.രവി രാമന് പറഞ്ഞു. ‘ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും' വിഷയത്തിലാണ് സംസാരിച്ചത്. സംസ്ഥാനത്ത് തൊഴിലില്ലായ്മ 12.5ല്‍ നിന്ന് 7.3 ശതമാനമായി കുറഞ്ഞു. മാന്യമായ വേതനം നല്കുന്ന സംസ്ഥാനമായതിനാലാണ് അതിഥി തൊഴിലാളികള്‍ നിരന്തരം കേരളത്തില്‍ എത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉല്പാദനമേഖലയില് തൊഴില്‍ സംരക്ഷിച്ച് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് മുന്‍ മന്ത്രി എളമരം കരിം ' പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലാളികളുടെ ഭാവി' ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിദേശഉല്പ്പന്നങ്ങളോട് മത്സരിക്കാന്‍ പരമ്പരാഗതഉല്പ്പന്നങ്ങളെ പ്രാപ്തമാക്കണം. വില, ചരക്കിന്റെ മൂല്യം എന്നിവ വര്‍ധിപ്പിക്കണം. നിലവിലെതൊഴിലാളികളെ നിലനിര്‍ത്തി, കഴിവുകള്‍ മെച്ചപ്പെടുത്തുകയും സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആധുനിക ഉപഭോക്താക്കളെയും വിദേശികളെയും ആകര്‍ഷിക്കാന്‍ സാധിക്കും. കയര്‍, കൈത്തറി മേഖലകളില്‍ അര്‍ദ്ധ-യന്ത്രവല്‍ക്കരണം നടപ്പാക്കണം. കയര്‍ ഭൂവസ്ത്രം വലിയതോതില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞത് മാതൃകയാണ്. ഡിജിറ്റല്‍ - സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, കെസ്റ്റോര്‍ പോലുള്ള സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വ്യക്തമാക്കി.
കേരളത്തിലെ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനായി ‘പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയും തൊഴില്ക്ഷേമവും' വിഷയത്തില്‍ ഐ.എല്‍.ഒ ദേശീയ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ് അവതരണം നടത്തി. ഇന്ത്യയില്‍ സമീപ കാലത്തെ ഒരു സുപ്രധാന വികസനമാണ് പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ. ഇതിനായി സ്മാര്‍ട്ട് ഫോണും ആപ്ലിക്കേഷനും മതി. സൊമാറ്റോ, സ്വിഗി, ബ്ലിങ്ക് ഇറ്റ്, ഊബര്‍, മിന്ത്ര, റാപിഡോ തുടങ്ങിയ പ്ലാറ്റ്ഫോമുകള് പുതിയ വിപണികളും വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നതാണ്. മാന്യമായ തൊഴില്‍അന്തരീക്ഷം, അധികസമയം, തൊഴിലിനനുസരിച്ചവേതനം, സാമൂഹികസംരക്ഷണം ലഭിക്കാത്തത് ഗുരുതര പ്രശ്നങ്ങളാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് പ്ലാറ്റ്ഫോം തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക സുരക്ഷയ്ക്കും, തൊഴില്‍ സമയം ക്രമീകരിക്കുന്നതിനും ലോക രാഷ്ട്രങ്ങള്‍ക്ക് പിന്തുടരാവുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന്റെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സംരക്ഷണം, ജോലിസ്ഥലത്തെ അവകാശം എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി 'മാന്യമായ തൊഴിലും സാമൂഹിക സംരക്ഷണവും' വിഷയത്തില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയേഷ് സംസാരിച്ചു. തൊഴില്‍സമത്വം നിലനിര്‍ത്തുന്നതില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം അനിവാര്യമാണ്. സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്നും സമാഹരിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. എ അലക്സാണ്ടര്‍ മോഡറേറ്ററായി.










