തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍; രാഷ്ട്രീയപാര്‍ട്ടികളുടെ യോഗംചേര്‍ന്നു

post

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ജില്ലയിലെ തീവ്ര വോട്ടര്‍പട്ടികപുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപെടുത്താന്‍ കൊല്ലം ജില്ലാ കലക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി യോഗം ചേര്‍ന്നു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായ യോഗത്തില്‍ വോട്ടര്‍പട്ടിക പുതുക്കലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്ന് അറിയിച്ചു.

തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി നവംബര്‍ മൂന്ന് വരെ എന്യുമറേഷന്‍ ഫോമുകള്‍ പ്രിന്റ് ചെയ്ത് ബി എല്‍ ഒമാര്‍ക്ക് വിതരണം ചെയ്യും, ആവശ്യമായ പരിശീലനവും നല്‍കും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബി എല്‍ ഒമാര്‍ വിവരശേഖരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കും. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ ഒന്‍പതിനാണ്. ജനുവരി എട്ടു വരെ കരട് വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. തുടര്‍ന്നുള്ള ഹിയറിങ്ങും പരിശോധനയും 2026 ജനുവരി 31 വരെ തുടരും. അവസാന വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് 2026 ഫെബ്രുവരി ഏഴിനാണ്.

എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ട രീതിയും അവ സമയബന്ധിതമായി വീടുകളില്‍ നിന്ന് ശേഖരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിക്കുന്ന പങ്കും പ്രക്രിയ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ബി.ജയശ്രീ, അഞ്ചല്‍ തഹസില്‍ദാര്‍ എം. റഹിം, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജി ജയപ്രകാശ് (കോണ്‍ഗ്രസ്), പി കെ ചന്ദ്രഭാനു (ആര്‍. എസ്. പി), ടൈറ്റസ് ഫെര്‍ഡിനാന്‍ഡ് (ആം ആദ്മി പാര്‍ട്ടി) മാമച്ചന്‍ ഡാനിയേല്‍  (ആം ആദ്മി പാര്‍ട്ടി), പി. എസ് ശാലു (ബി ജെ പി), അഡ്വ എസ് വേണുഗോപാല്‍, (ബി ജെ പി), വി കെ അനിരുദ്ധന്‍(സി പി ഐ (എം)), അഡ്വ വിനിത വിന്‍സെന്റ് (സി പി ഐ) തുടങ്ങിയവര്‍ പങ്കെടുത്തു.