കൈത്തറി കരകൗശല വൈവിധ്യവുമായി ക്രാഫ്റ്റ്‌സ് ബസാറിന് തുടക്കമായി

post

തിരുവനന്തപുരം: മുളയിലും തടിയിലും വാഴനാരിലും തീര്‍ത്ത കരകൗശല ഉല്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവയുടെ വേറിട്ട പ്രദര്‍ശനത്തിന്റെ വേദിയായി തൈക്കാട് പോലീസ് മൈതാനം. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ പ്രധാന വിപണന യൂണിറ്റായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പോലീസ് മൈതാനത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേളയായ 'ക്രാഫ്റ്റ്‌സ് ബസാര്‍ 2019' മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കൈത്തറി കരകൗശല മേഖലയുടെ ഉന്നമനത്തിനായി കരകൗശല വികസന കോര്‍പ്പറേഷനും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മേയര്‍ പറഞ്ഞു. കയറുല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താനും കൈത്തറി കരകൗശല ഉല്പന്നങ്ങള്‍ വിറ്റഴിച്ച് തൊഴിലാളികള്‍ക്ക് മികച്ച വരുമാനം നേടിയെടുക്കാനും ഈ സര്‍ക്കാര്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഈട്ടി തടിയിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവിധ ശില്പങ്ങള്‍, പിച്ചളയിലും ഓടിലുമുളള ഗൃഹാലങ്കാര വസ്തുക്കള്‍, നെട്ടൂര്‍ പെട്ടി, ആറന്‍മുള കണ്ണാടി തുടങ്ങിയ കേരളീയ ഉല്പന്നങ്ങള്‍ക്കു പുറമെ, ശാന്തിനികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലൈസ് വര്‍ക്കുകള്‍, കോലാപുരി ചെരിപ്പുകള്‍, വിവിധതരം വസ്ത്രങ്ങള്‍, മണ്‍പാത്ര ഉല്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി സജ്ജമാക്കിയിട്ടുണ്ട്. തടി കൊണ്ടുള്ള കൂജ, ജഗ്, റാന്തല്‍ വിളക്ക്, കളിപ്പാട്ടങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ വിവിധ സ്റ്റാളുകളില്‍ ലഭ്യമാണ്. ആര്യവേപ്പ്, കടുമ്പ്, ഇലിപ്പ, കാഞ്ഞിരം തുടങ്ങി 11 ഔഷധത്തടികള്‍ ചേര്‍ത്തുണ്ടാക്കിയ ഔഷധക്കട്ടിലും ചാരുകസേരയും മറ്റൊരു ആകര്‍ഷണമാണ്. പട്ടുനൂല്‍പ്പുഴുക്കൂട് കൊണ്ടുണ്ടാക്കിയ മാലകള്‍, വാഴനാരു കൊണ്ടുള്ള ബാഗുകള്‍, തൊപ്പി, മേശവിരി, ചിരട്ട കൊണ്ടുള്ള വിവിധ ഉല്പന്നങ്ങല്‍ എന്നിവ പ്രദര്‍ശനത്തിന് പുതുമയേകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനായി നൂറോളം സ്റ്റാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്രവസ്ത്ര മന്ത്രാലയത്തിനു കീഴിലുളള കരകൗശല കമ്മീഷണര്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് മേള. ഡിസംബര്‍ അഞ്ചിന് അവസാനിക്കും. ഡിസി (എച്ച്) റീജിയണല്‍ ഡയറക്ടര്‍ എം. പ്രഭാകരന്‍ ആദ്യവില്പന നടത്തി. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ഡി എന്‍.കെ. മനോജ്, നഗരസഭ കൗണ്‍സിലര്‍ വിദ്യാമോഹന്‍ എം. എ, അസിസ്റ്റന്റ് ഡയറക്ടര്‍ ധനൂര്‍ സി. വി., ബിജുമോന്‍ ജോസഫ്, സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.